തിരുവനന്തപുരം: കേരളം ലഹരിമാഫിയകളുടെ നീരാളിപ്പിടിയിലാകുന്നുവെന്നും കഴിഞ്ഞ 9 വര്‍ഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ലഹരിക്കെതിരെ എന്ത് ചെയ്തുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ലഹരിവിമോചന കേന്ദ്രമായ വിമുക്തി പരാജയമാണെന്നും ആവശ്യത്തിന് വാഹനങ്ങളോ സൗകര്യങ്ങളോ ഇല്ലെന്നും ഒരുപാട് വിമുക്തി സെന്‍ഡറുകളില്‍ ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്തെ കലാലയങ്ങളില്‍ റാഗിങ് വ്യാപകമാവുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് എസ്.എഫ്.ഐ ആണ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ കൊലപാതകത്തിന് ആരാണ് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. എസ്.എഫ്.ഐയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ധിച്ചുവരുന്ന കൂട്ടക്കൊലപാതകങ്ങളും അക്രമസംഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സമൂഹത്തിന്റെ സൃഷ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സര്‍ക്കാര്‍ തള്ളിക്കളയുന്ന ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ വൈകല്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24-നാണ് വട്ടോളി എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് ചികിത്സക്കിടെ മരണപ്പെട്ടു. ആക്രമണം ആസൂത്രിതമാണെന്ന് സൂചിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് പുറത്തുവന്നതിന് പിന്നാലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയിരുന്നു.