തിരുവനന്തപുരം– ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തിയതായി സൂചന. രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെപിസിസി അധ്യക്ഷൻ അൽപസമയത്തിനകം മാധ്യമങ്ങളെ കാണുമെന്നും നടപടി വിശദീകരിക്കുമെന്നും സൂചനയുണ്ട്. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നിലപാട് കടുപ്പിക്കാൻ കാരണം.
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ തുടരുന്നതിൽ കേരളത്തിലെ നേതാക്കൾക്കും അതോടൊപ്പം ഹൈക്കമാൻഡിലെ നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. വ്യക്തിയെന്ന നിലയിൽ രാഹുൽ ചെയ്യുന്ന കാര്യങ്ങൾക്ക് പാർട്ടി ബാധ്യതയേറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കൂടി പരാതി ലഭിച്ച സാഹചര്യത്തിൽ രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാൻ കെപിസിസിക്ക് മേൽ ഹൈക്കമാൻഡിന്റെ സമ്മർദ്ദം ശക്തമായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ കെപിസിസി നേതാക്കളുമായി സംസാരിക്കുകയും, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ നിർദേശിക്കുകയും ചെയ്തു.
രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പാർട്ടിക്കു കനത്ത തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചന നൽകി കെ. മുരളീധരൻ എം.പി. നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ ‘ബ്രഹ്മാസ്ത്രം’ പുറത്തെടുക്കുമെന്നും, “പുകഞ്ഞ കൊള്ളി പുറത്താണ്” എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



