കൊച്ചി– രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത് സാധാരണ നടപടിക്രമം മാത്രമാണെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ എസ്. രാജീവ്. കേസ് പൂർണ്ണമായും കോടതിയുടെ പരിഗണനയിലിരിക്കെ, പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സ്വാഭാവികമാണ്.
ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൂർണ്ണമായ വാദം കേൾക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് കെ. ബാബു നിർദ്ദേശിച്ചത്. ഇതോടെ ഡിസംബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം നടന്നതായി രാഹുൽ ഹർജിയിൽ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമർശിച്ചു. കേസ് വിശദമായി കേട്ട് തീരുമാനമെടുക്കാമെന്ന് അറിയിച്ച കോടതി, അറസ്റ്റ് തടഞ്ഞ പ്രോസിക്യൂഷൻ്റെ എതിർപ്പ് തള്ളി.
അന്വേഷണവുമായി സഹകരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ ഹാജരാകാൻ കോടതിയിൽ നിന്നോ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നോ നോട്ടീസ് ലഭിച്ചിട്ടില്ല. കോടതി ആവശ്യപ്പെട്ടാലോ നോട്ടീസ് നൽകിയാലോ ഉടൻ ഹാജരാകും. എന്നാൽ, ഒരു പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്നാൽ ഉടൻ അറസ്റ്റ് ചെയ്യും. അതുകൊണ്ട് തെളിവുകൾ ഹാജരാക്കാനോ വാദങ്ങൾ ഉന്നയിക്കാനോ കഴിയാത്ത അവസ്ഥയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.



