കൊച്ചി: അശ്ലീല സന്ദേശമയച്ചുവെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രാഹുൽ ഈശ്വർ. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കേണ്ടയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ രാഹുൽ ഈശ്വർ പറഞ്ഞു. തിരിച്ചടിച്ചില്ലെങ്കിൽ മാങ്കൂട്ടത്തലിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും തെളിവുകളൊന്നും ഒരു വിഷയമില്ലാത്ത അവസ്ഥയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടത്തിലിനോട് എനിക്ക് പറയാനുള്ളത്… എടാ മണ്ടാ, തിരിച്ചടിക്കെടാ. ഇല്ലെങ്കിൽ നിന്നെ ചവിട്ടിത്തേച്ച് ഇവന്മാര് കൊണ്ടുപോകും. ഇവർക്ക് തെളിവൊന്നും ഒരു ഇഷ്യൂവല്ല. രാഹുൽ മാങ്കൂട്ടത്തിലിന് 35 വയസ്സേയുള്ളൂ. നിന്നെപ്പോലെ പ്രതിഭയും കഴിവുമുള്ള ഒരുത്തന് അടുത്ത 60 വർഷം ഈ നാട്ടിൽ നിൽക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാര് തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. ഇത്തരം കള്ളത്തെളിവുകൾ വെച്ച് നിന്നെ കുടുക്കാൻ നോക്കുമ്പോൾ നീ തിരിച്ചടിച്ചില്ലെങ്കിൽ അവന്മാർ നിന്നെ ഇല്ലാതാക്കും…’ എന്നാണ് രാഹുൽ ഈശ്വറിന്റെ വീഡിയോയിൽ പറയുന്നത്.
മാധ്യമപ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ് ആണ് കോൺഗ്രസിലെ ഒരു യുവനേതാവ് തന്നെ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. മറ്റൊരു യുവതിയും രാഹുൽ മാങ്കൂട്ടവും തമ്മിലുള്ള സംഭാഷണം റിപ്പോർട്ടർ ടിവി പുറത്തുവിടുകയും ചെയ്തു. അതിനിടെ, ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിനെതിരെ രംഗത്തുവന്നു. ഇതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുലിന് ഒഴിയേണ്ടി വന്നത്.