മലപ്പുറം- ഏറെ വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം ക്രൈംബ്രാഞ്ച് കണ്ടെത്തി. മലപ്പുറം മഅദിൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ചോദ്യപേപ്പർ ഫോട്ടോയെടുത്ത് വാട്സാപ്പ് വഴി ഇയാൾ കൊടുവള്ളിയിൽ എം.എസ് സെല്യൂഷൻസ് യുറ്റ്യൂബ് ചാനൽ നടത്തിയിരുന്ന ഫഹദിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ വർഷവും ഇയാൾ ഇത്തരത്തിൽ ചോദ്യ പേപ്പർ ചോർത്തിയിരുന്നു. ഫഹദ് നേരത്തെ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.
2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ പത്താം ക്ലാസ് പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടിയിരുന്നു.