കോഴിക്കോട്- ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ (ക്യു.എം.സി) ഉദ്ഘാടനം മെയ് 25ന് ദൽഹിയിലെ ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും.
പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും ആപ്പിൽ സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് കാർഡുകൾ നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ആപ്പ് വഴി വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. രജിസ്റ്റർ ചെയ്തവരെയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിക്കുക. രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താൽപ്പര്യപൂർവ്വം ഉറ്റു നോക്കുകയാണ് പ്രവർത്തകരും പൊതുസമൂഹവും. രാഷ്ട്രനിർമ്മാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ക്യു.എം.സിയുടെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ സുബൈർ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു, പി.എം.എ സമീർ, സി.കെ ഷാക്കിർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.