പൊന്നാനി: ഫലസ്തീന് ജനതയോടും അധിനിവേശത്തോടുള്ള ചെറുത്തുനില്പിനോടും എക്കാലത്തും ഹൃദയപൂര്‍വം ഐക്യപ്പെട്ടവരും അതിനെ ആവേശപൂർവം നോക്കികണ്ടവരുമാണ് ഇന്ത്യൻ ജനതയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി സയണിസ്റ്റ് രാഷ്ട്രത്തെ അതിന്റെ രൂപവത്കരണ ഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍ത്തതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ന്യായത്തിൽ അധിഷ്ഠിതമായ ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുന്നതിനും അക്രമികളുടെ കുതന്ത്രങ്ങൾ വിജയിക്കാതിരിക്കാനും പ്രാർത്ഥന ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം ഉപദേശിച്ചു.
അനേകായിരം പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുതള്ളിയിട്ടും ജന്മാവകാശത്തിന് വേണ്ടി തളരാതെ പോരാടുന്നവരെ ഓർക്കണമെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.