മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി പി.പി ഹംസ.
വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചുവന്ന സന്ദീപ് വാര്യരെ സ്വാഗതംചെയ്ത പോലെ അൻവറിനെയും സ്വാഗതം ചെയ്യുന്നുവെന്നാണ് പി.പി ഹംസയുടെ കുറിപ്പ്. കോൺഗ്രസ് പാരമ്പര്യമുള്ള ആൾ സ്‌നേഹത്തിന്റെ കടയിലേക്ക് മടങ്ങിയെത്തുന്നതിൽ സന്തോഷമാണെന്നും പി പി ഹംസ വ്യക്തമാക്കി.
തലമുറകളായി കോൺഗ്രസ് പാരമ്പര്യം ഉള്ള കുടുംബത്തിലെ ഒരു അംഗം ഈ സ്‌നേഹത്തിന്റെ കടയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത് സന്തോഷകരമാണ്. പി.വി അൻവർ എംഎൽഎക്ക് കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതമെന്നും പി.പി ഹംസ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
എന്നാൽ, ഹംസയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും അത് തീർത്തും വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയുടെ പ്രതികരണം.
അതിനിടെ, പിവി അൻവറുമായി എന്തെങ്കിലും ചർച്ച നടത്തിയത് സംബന്ധിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അറിയാത്ത കാര്യത്തെ കുറിച്ച് ഞാൻ എങ്ങനെ അഭിപ്രായം പറയുമെന്നും മാധ്യമങ്ങളോടായി അദ്ദേഹം ചോദിച്ചു.
സി.പി.എമ്മുമായി ഇടഞ്ഞ പി.വി അൻവർ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെയും മുസ്‌ലിം ലീഗ് നേതാക്കളെയും കണ്ടതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുൻകൈയിൽ കെ.സി വേണുഗോപാലുമായി പി.വി അൻവർ ചർച്ച നടത്തിയത്.
ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി തുടങ്ങി ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികളുമായി രാഷ്ട്രീയ സഖ്യ സാധ്യതകൾ തേടിയ പി.വി അൻവറിന് മാതൃസംഘടനയിലേക്കു തന്നെ തിരികെ എത്തണമെന്നും ആഗ്രഹമുള്ളതായി റിപോർട്ടുകളുണ്ട്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാൽ, നിലമ്പൂരിലെ അസംബ്ലി സീറ്റും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമാണ് കോൺഗ്രസ് പ്രവേശത്തിലെ പ്രധാന കല്ലുകടികളായി തുടരുന്നത്.