നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ പരാമര്‍ശത്തോടാണ് അന്‍വറിന്റെ പ്രതികരണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു ഡി എഫ സ്ഥാനാര്‍ഥിയായിരുന്നു മുന്‍ ഇടത് എം എല്‍ എ പി വി അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ പരാമര്‍ശത്തോടാണ് അന്‍വറിന്റെ പ്രതികരണം. മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ടെന്ന് അന്‍വര്‍ പറയുന്നു.പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണെന്നും എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ‘ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ‘ എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുനപരിശോധിക്കേണ്ടതുണ്ടെന്നും ഇത് കണ്ടപ്പോള്‍ ‘ബ്രൂട്ടസേ നീയും!’ എന്നെനിക്ക് തോന്നിയില്ലെന്നും അന്‍വര്‍ പറഞ്ഞു. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മല്‍സരിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ജയിക്കുമായിരുന്നുവെന്നും ആ സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് അന്‍വര്‍ രംഗത്ത് വന്നിരിക്കുന്നത്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.വി.അന്‍വര്‍ 7487 വോട്ടുകള്‍ക്ക് മുന്‍മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി മുഹമ്മദ് റിയാസിനോട് പരാജയപ്പെടുകയായിരുന്നു. വിജയിക്കുന്ന സീറ്റ് തനിക്ക് തരാന്‍ യുഡിഎഫ് ഒരുക്കമായിരുന്നുവെങ്കിലും റിയാസിനെതിരെ തന്നെ മല്‍സരിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പരാജയപ്പെട്ടുവെങ്കിലും സന്തുഷ്ടനാണെന്നും അന്‍വര്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അന്‍വര്‍ സജീവ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. ഇടതുപക്ഷം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തരത്തില്‍ വിവിധ വിവാദങ്ങള്‍ അടുത്ത ദിവസങ്ങളിലായി ഉണ്ടായിട്ടും ഒന്നും പ്രതികരിക്കാതിരുന്നു അന്‍വര്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
പി വി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ചതിച്ചതാര് ?
ചന്തു തന്നെ.
മഷിയിട്ടു നോക്കേണ്ട കാര്യമില്ല.
ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.
ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍ , പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ.
നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ എല്ലാവരും കാണുന്നുണ്ടല്ലോ!
അതില്‍ ഒരാള്‍ എനിക്കെതിരെ മത്സരിച്ച നിങ്ങള്‍ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ!
ഒന്നരവര്‍ഷമായി ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ അര്‍ത്ഥവും സത്യവും വെളിവാകുന്ന രീതിയില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും,മരുമോനിസത്തിനും,കുടുംബാധിപത്യത്തിനും എതിരായി ഞാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്.
ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങള്‍ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാന്‍ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.
മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ‘ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ‘ എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.
ഇത് കണ്ടപ്പോള്‍ ‘ബ്രൂട്ടസേ നീയും!’
എന്നെനിക്ക് തോന്നിയില്ല.
കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.
പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണ്.
ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ട്.
അതെന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്.
‘ഞങ്ങള്‍ ചതിച്ചതു തന്നെ’ എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ.
പക്ഷേ, രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോര്‍ത്തു തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയ സഖാക്കള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സില്‍ സുദൃഢമായിരിക്കും.
നിങ്ങളുടെ സ്വന്തം
പി.വി അന്‍വര്‍







