മലപ്പുറം– പോലീസ് എ.ഡി.ജി.പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ അതിരൂക്ഷ വിമർശനവുമായി പി.വി അൻവർ എം.എൽ.എ. ദാവൂദ് ഇബ്രാഹീമിനെ മാതൃകയാക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് എ.ഡി.ജി.പി അജിത് കുമാറെന്നും ഇയാൾ കൊടുംക്രിമിനലാണെന്നും അൻവർ ആരോപിച്ചു. മുൻ എസ്.പി സുജിത് ദാസിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. സ്വർണ്ണ കള്ളക്കടത്ത് നടത്തി പണമുണ്ടാക്കുകയാണ് സുജിത് ദാസ് ചെയ്തത്. വിമാനതാവളം വഴി സ്വർണ്ണം കടത്തുന്ന സംഘത്തെ തട്ടിക്കൊണ്ടുപോയി അവരിൽനിന്ന് സ്വർണ്ണം കവരുകയായിരുന്നു സുജിത് ദാസ് ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും സുജിത് ദാസും അദ്ദേഹം രൂപീകരിച്ച ഡാൻസാഫുമാണ് സ്വർണ്ണക്കടത്ത് നടത്തിയത്. എം.ആർ അജിത് കുമാറും സുജിത് ദാസും ജയിലിൽ എത്തുമെന്ന കാര്യം ഉറപ്പാണ്. നിരവധി പേരെ ഇവർ കൊലയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം പഴി മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ കീഴിൽ 29 വകുപ്പുണ്ട്. അതിനൊക്കെ ഓരോ വകുപ്പു തലവൻമാരുണ്ട്. അവരെ മുഖ്യമന്ത്രി കാര്യങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ചതാണ്. അവരാണ് കാര്യങ്ങൾ നോക്കേണ്ടത്. എന്നാൽ പലരും ചതി നടത്തുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഇക്കാര്യം അവലോകനം ചെയ്യുന്നില്ല.
മുഖ്യമന്ത്രിയെ ഞാൻ പിതാവിന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന് അപകടം വരാതെ നോക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. എന്റെ ജീവിതവും അപകടത്തിലാണ്. പാർട്ടിക്ക് വേണ്ടി ജീവൻ പോയാലും പ്രശ്നമില്ല. വലിയ സംവിധാനത്തിന് എതിരെയാണ് ഞാൻ പോരാടുന്നത്.
എന്റെ ഫോൺ കുറെ കാലമായി ഹാക്ക് ചെയ്യുന്നുണ്ട്. അജിത് കുമാറാണ് ഇതിന് പിന്നിൽ. കോടിയേരിയുടെ മകൻ ഒന്നര വർഷമാണ് ജയിലിൽ കിടന്നത്. അവസാനം കേസ് എഴുതിത്തള്ളി. നാട്ടിലെയും ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിൽ തല്ലിക്കുന്നയാളാണ് യുറ്റ്യൂബർ ഷാജൻ സ്കറിയ. അയാളെ രക്ഷിക്കാനാണ് എം.ആർ അജിത് കുമാർ ശ്രമിച്ചത്. ഷാജൻ സ്കറിയയിൽനിന്നും രണ്ടു കോടി രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇതിൽ ഒന്നരകോടി കൈമാറി. ഇത്രയും വലിയ ദേശദ്രോഹിയെ സഹായിക്കുന്നയാളാണ് അജിത് കുമാർ. ജീവനുണ്ടെങ്കിൽ ഇനിയും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അൻവർ വ്യക്തമാക്കി.
പി. ശശിയോട് തന്നെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളുടെ ചുമതല അവലോകനം ചെയ്യേണ്ടത് പി. ശശിയാണ്. എന്നാൽ അദ്ദേഹം ഇക്കാര്യം ചെയ്തില്ല. ഈ വിഷയം ഞാനാണ് ഉന്നയിക്കുന്നത് എന്നതുകൊണ്ട് ഇതിന്റെ ഗൗരവം കളയരുത്. നാട് അത്രയും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഒരു സോഷ്യൽ ഓഡിറ്റിംഗും ഇല്ലാത്ത വകുപ്പാണ് പോലീസ്. പോലീസ് സംവിധാനം ക്രിമിനൽ സംവിധാനത്തിലേക്ക് പോകരുത്. പോലീസിലെ അഴിമതിക്കാർക്ക് എതിരായ പോരാട്ടം ആകാശം ഇടിഞ്ഞുവീണാലും നിർത്തില്ല. എം.ആർ അജിത് കുമാർ കൊല്ലും ചെയ്യും കൊല്ലിക്കുകയും ചെയ്യുമെന്നാണ് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞത്.
താനൂർ കസ്റ്റഡി കൊലക്കേസിൽ പ്രതിയെ മനപൂർവം കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അജിത് കുമാർ ക്രൂരനായ ഉദ്യോഗസ്ഥനാണെന്ന് അൻവർ പുറത്തുവിട്ട ടെലിഫോൺ സംഭാഷണത്തിൽ സുജിത് ദാസ് പറയുന്നുണ്ട്. തന്റെ പേരിൽ കൊടുത്ത കേസ് എങ്ങിനെയെങ്കിലും പിൻവലിക്കണമെന്ന് എം.എൽ.എയോട് സുജിത് ദാസ് കേണപേക്ഷിക്കുന്നുണ്ട്. ഈ പരാതിയില്ലെങ്കിലും ജില്ലാ പോലീസ് സൂപ്രണ്ട് ശശിധരനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും അത് ഉയർത്തിയാൽ പോരെയെന്നും സുജിത് ദാസ് ചോദിക്കുന്നുണ്ട്. എനിക്കെതിരായ പരാതി പിൻവലിച്ച് എസ്.പിയെ മാറ്റുകയോ തല്ലിക്കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോയെന്നും സുജിത് ദാസ് പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ നൽകിയ പരാതി പിൻവലിക്കണം. ഞാൻ ആദ്യമേ തകർന്നുനിൽക്കുന്ന സമയമാണ്. ഭരണപക്ഷത്തുനിൽക്കുന്ന എം.എൽ.എ പരാതി കൊടുത്താലാണ് എനിക്ക് വിഷയമെന്നും പറഞ്ഞ് സുജിത് ദാസ് കരഞ്ഞു പറയുന്നുണ്ട്.
നിരവധി പോലീസുകാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പോലീസ് മേധാവികൾ ജയിലിൽ പോകും. അതുകൊണ്ടാണ് എന്റെ ജീവൻ അപകടത്തിലാണ് എന്ന് ഞാൻ പറയാൻ കാരണം. ഈ പോലീസ് മുഖ്യമന്ത്രിയുടെ പോലീസ് അല്ലെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അമ്മായിയുടെ വീട്ടിലെ ആളല്ല പി. ശശി. ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. കിലോ കണക്കിന് സ്വർണ്ണമാണ് എ.ഡി.ജി.പി അജിത് കുമാറിന്റെ വീട്ടിലുള്ളതെന്നും ഇപ്പോൾ പരിശോധിച്ചാൽ അവ ലഭ്യമാകുമെന്നും അൻവർ പറഞ്ഞു.