- അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്കും പാർട്ടിക്കും മറുപടി പറയാനായില്ലെന്ന് സ്വാഗത പ്രാസംഗികൻ
നിലമ്പൂർ: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരേ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പൊതുസമ്മേളനം തുടങ്ങി. പ്രകടനവുമായാണ് അൻവറിനെ പ്രവർത്തകർ സ്റ്റേജിലെത്തിച്ചത്.
നാടിന്റെ നാനാ ഭാഗത്തുനിന്നായി ആയിരക്കണക്കിന് ആളുകളാണ് നിലമ്പൂർ ചന്തക്കുന്നിലേക്ക് ഒഴുകിയെത്തിയത്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മരുത മുൻ ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ ഇ.എ സുകു സ്വാഗത പ്രസംഗം ആരംഭിച്ചു.
അൻവർ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയാൻ ഇതുവരെയും മുഖ്യമന്ത്രിക്കും പാർട്ടിക്കും സാധിച്ചിട്ടില്ലെന്നും അതിനാലാണ് അദ്ദേഹത്തിനൊപ്പം നിൽക്കുന്നതെന്നും സുകു പ്രഖ്യാപിച്ചു. ഇന്നലെ വരെ നമുക്കൊപ്പം പ്രവർത്തിച്ച അൻവറിനെ തൂക്കാൻ വിധിച്ചാൽ അതൊന്നു കാണണമെന്ന് ആഗ്രഹിച്ചാണ് ഇവിടേക്കു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അൻവറിന് എതിരേ നിൽക്കണമെങ്കിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ സി.പി.എം നേതാക്കൾ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിശദീകരിക്കണം. അതിന് ഈ നിമിഷം വരെ പാർട്ടിക്ക് സാധിച്ചിട്ടില്ല. ആറുമാസമായി അൻവർ വിഷയങ്ങൾ പാർട്ടിയിൽ പറയുന്നുണ്ട്. പക്ഷേ, ഒരു ചുക്കും സംഭവിച്ചില്ല. ആരോപണം ഉന്നയിച്ചതിന് അൻവറിനെ കള്ളക്കാരനും കൊള്ളക്കാരനും തീവ്രവാദിയുമാക്കാനാണ് ശ്രമം. ഇത് ശരിയായ രീതിയല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്ക് നെഞ്ചുറപ്പോടെ നിൽക്കാൻ ആത്മവിശ്വാസം നൽകിയ നേതാവാണ് പി.വി അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.