ന്യൂദൽഹി: ദൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാക്കളും പ്രവർത്തകരും ഇന്ന് കൂട്ട ഉപവാസം ആചരിക്കും.
ഇന്ത്യയിലും വിദേശത്തുമുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ അനുയായികൾ ‘സാമൂഹിക് ഉപവാസ’ത്തിൽ പങ്കെടുക്കുമെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. ആളുകൾക്ക് അവരുടെ വീടുകളിൽ ഉപവാസം ആചരിച്ച് ദൽഹി മുഖ്യമന്ത്രിയെ പിന്തുണയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആം ആദ്മി എംഎൽഎമാരും ഭാരവാഹികളും രാവിലെ 11 മണിക്ക് കൂട്ട ഉപവാസത്തിൽ ജന്തർമന്തറിൽ ഒത്തുകൂടും. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ സമരസ്ഥലത്തേക്കുള്ള റോഡുകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കെജ്രിവാളിനെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തടയാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ഇഡിയുടെ ലോക്കപ്പിൽ നിന്ന് മുഖ്യമന്ത്രി ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുണ്ടെന്നും എഎപി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും പറഞ്ഞു. മാർച്ച് 21നാണ് മദ്യനയ കുംഭകോണത്തിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.