തിരുവനന്തപുരം- പി.വി അൻവർ എം.എൽ.എ അടക്കം നിരവധി പേരുടെ ആരോപണവും വിജിലൻസ് അന്വേഷണവും നിലനിൽക്കുന്നതിനിടെ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ഇപ്പോഴത്തെ പോലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ അജിത് കുമാറിന് എതിരെ നടക്കുന്നുണ്ട്.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്.വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്.