തിരുവന്തപുരം– പനച്ചമൂട് യുവതിയുടെ തിരോധാനത്തിന് പിന്നിലെ കൊലപാതകവും രഹസ്യങ്ങളും പുറം ലോകത്തെ അറിയിച്ചത് പ്രതിയുടെ മക്കളും ഭാര്യമാതാവും. ജൂണ്‍ 12ന് പഞ്ചാംകുഴി മാവുവിള സ്വദേശി പ്രിയംവദയെ കാണാതായത്. അമ്മയെ കാണാനില്ലെന്ന് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അയല്‍വാസിയും പ്രിയംവദയുടെ സുഹൃത്തുമായ വിനോദിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രിയംവദയെ കൊന്ന് വീടിന് സമീപത്ത് കുഴിച്ചിട്ടതായി വിനോദ് മൊഴി നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. ഒരാളുടെ വിവാഹം കഴിഞ്ഞതായും മറ്റെയാള്‍ വിദേശത്താണുമെന്നാണ് വിവരം. ജൂണ്‍ 12ന് ജോലിക്കു പോയതെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. മക്കള്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രിയംവദയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലാണ് അയല്‍വാസിയും പ്രതിയുടെ ഭാര്യമാതാവുമായ സരസ്വതി വീടിനു പുറത്ത് രക്തവും മുടിയും കണ്ടെന്ന് വെളിപ്പെടുത്തിയതും അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ചതും.
ജൂൺ പന്ത്രണ്ടാം തീയതി രാവിലെയാണ് പ്രിയംവദയെ കൊലപ്പെടുത്തിയതെന്ന് വിനോദ് പോലീസിനോട് പറഞ്ഞു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും, ഇവര്‍ക്കിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്നും പോലീസ് വെളിപ്പെടുത്തി. കൊലനടന്ന ദിവസം ഇവർക്കിടയിലുണ്ടായ തര്‍ക്കത്തിനിടയില്‍ മര്‍ദനത്തിന് ഇരയായ പ്രിയംവദ ബോധം കെടുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നതിനു ശേഷമാണ് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കട്ടിലിനടിയില്‍ മൃതദേഹം കണ്ട വിനോദിന്റെ മകളാണ് മുത്തശ്ശി സരസ്വതിയെ അറിയിച്ചത്. പിന്നീട് കട്ടിനടിയിൽ പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല. തുടര്‍ന്ന് മുത്തശ്ശി പള്ളിവികാരിയെയും അദ്ദേഹം പോലീസിനെയും അറിയിച്ചതിന് പിന്നാലെ പോലീസ് വീട്ടിലെത്തിയപ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനെയും സുഹൃത്ത് സന്തോഷിനെയുമാണ് കണ്ടത്.