കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിലുള്ള സി.പി.എം നേതാവ് പി.പി ദിവ്യയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് വൈകിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉണർന്നത്.
പ്രതിയുടെ അറസ്റ്റ് ഇനിയും നീണ്ടുപോകുന്നത് പോലീസ് സേനക്ക് നാണക്കേടാണെന്ന് പൊതുവെ വിമർശം ഉയരുന്നതിനിടെയാണ് പിടിച്ചുനിൽക്കാനെന്നോണം പോലീസ് നീക്കങ്ങൾ. പ്രതി കൺമുമ്പിലുണ്ടായിട്ടും നിയമപരമായി തടസ്സങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ദിവ്യയെ പിടികൂടാൻ പോലീസിനാകാത്തത് വൻ വീഴ്ചയായും രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്നും ശക്തമായ വിമർശങ്ങളാണുള്ളത്.
അതിനിടെ, പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്നാണ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ലഭിക്കുന്നത്. ദിവ്യ പയ്യന്നൂർ ടവർ ലൊക്കേഷനിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ദിവ്യയുടെ വീട്ടിലും ചികിത്സ തേടിയ ആശുപത്രിയും കേന്ദ്രീകരിച്ച് ഇതിനകം പോലീസ് എത്തിയിട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടാനാണ് പോലീസ് ശ്രമം. പ്രതി കോടതിയിൽ കീഴടങ്ങുമോ അതോ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിലും വ്യക്തത ലഭിക്കാനുണ്ട്.