കൊച്ചി- നാദിർഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ചയെ കൊന്നതല്ലെന്നും പൂച്ചയുടെ കഴുത്തിൽ ചരടിട്ട് കെട്ടിവലിച്ച പാടുകളില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. പൂച്ച ഹൃദ്രോഗി ആയിരുന്നു എന്നും പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആശുപത്രിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചു.
ജൂൺ 15നാണ് പൂച്ചയെ കൊന്നെന് പരാതിയുമായി സംവിധായകൻ നാദിർഷാ രംഗത്തെത്തിയത്. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചത്. ഗ്രൂം ചെയ്യിക്കാനാണ് പൂച്ചയെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഡോക്ടറുടെ അഭാവത്തിൽ പൂച്ചയ്ക്ക് ജീവനക്കാർ സഡേഷൻ നൽകിയതാണ് മരണകാരണമെന്നാണ് നാദിർഷാ ആരോപിച്ചത്. പൂച്ചയെ കഴുത്തിൽ കുരിക്കിട്ട് വലിച്ച് കൊണ്ടുപോകുന്നത് മകൾ കണ്ടെന്നും നാദിർഷായുടെ പരാതിയിൽ അറിയിച്ചിരുന്നു. പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതിനുപിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.