പൊന്നാനി: മാതാപിതാക്കളെയും ഗുരുവര്യന്മാരെയും ആദരിക്കാനും നാടിനെയും ജനങ്ങളെയും എങ്ങിനെയെല്ലാം സേവിക്കാം എന്നതുമാണ് വളർന്നുവരുന്ന ഓരോ തലമുറയും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങളെന്ന് അക്ബർ ഗ്രൂപ്പ് സാരഥി കെ വി അബ്ദുൽ നാസർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിമുഖീകരിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. അങ്ങിനെ വളർന്നാൽ നാടും സമൂഹവും ഐശ്വര്യം പ്രാപിക്കുമെന്നും അദ്ദേഹം തുടർന്നു.
പൊന്നാനി തൃക്കാവിലെ വെള്ളീരി ഗവർമെന്റ് എൽ പി സ്‌കൂൾ എഴുപത്തിയെട്ടാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അബ്ദുൽ നാസർ. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ അദ്ദേഹം സ്വന്തം ചിലവിൽ നിർമിച്ച് നൽകിയ സ്റ്റേജിൽ വെച്ചായിരുന്നു സ്‌കൂൾ വാർഷികാഘോഷം. നേരത്തെ അബ്ദുൽ നാസർ തന്നെ സ്റ്റേജിന്റെ ഉദ്‌ഘാടനം നാട മുറിച്ച് നിർവഹിച്ചു. അറിവിന്റെ ആദ്യാക്ഷരം തന്ന മാതൃസ്ഥാപനത്തിനുള്ള എളിയ സ്നേഹസമ്മാനം എന്ന് സ്റ്റേജിനെ അദ്ദേഹം വിശേഷിപ്പിച്ചു.
മുക്കാൽ നൂറ്റാണ്ടും പിന്നിട്ട ഒരു സർക്കാർ എൽ പി സ്‌കൂൾ സ്ഥിരവും നൂതനവുമായ സ്വന്തം സ്റ്റേജിൽ എഴുപത്തിയെട്ടാം വാർഷികം ആഘോഷിച്ചതിലുള്ള ആഹ്ലാദത്തിലാണ് പ്രദേശത്തുകാർ.
“അല 2K25” എന്ന നാമധേയത്തിൽ ആഘോഷപൂർവം അരങ്ങേറിയ വെള്ളീരി ജി എൽ പി സ്‌കൂൾ വാർഷികാഘോഷം പിരിഞ്ഞു പോകുന്ന കെ ആറ്റുമ്മ എന്ന ആരിഫ ടീച്ചർക്ക് യാത്രയയപ്പ്, മിടുക്ക് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ്, പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം എന്നിവ കൂടി ഉൾപ്പെടുന്നതായിരുന്നു. തുടർന്ന് അരങ്ങേറിയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ വാർഷികാഘോഷത്തെ വർണാഭമാക്കി.
പൊന്നാനി നഗരപിതാവ് ആറ്റുപുറം ശിവദാസ് ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അഡ്വ. മാജിദ എ എം അദ്ധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ മിനി ജയപ്രകാശ്, സ്‌കൂൾ വികസന സമിതി ചെയർമാൻ പി വി അയ്യൂബ്, ഡോ. ഹരിയാനന്ദകുമാർ, അജിത്ത് ലൂക്ക്, അജയകുമാർ, റംസി ഒ, എം ടി എ പ്രസിഡന്റ് ഫർസാന, പൂർവ വിദ്യാർത്ഥി പ്രതിനിധി സനു മോഹൻ എന്നിവർ ആശംസ നേർന്നു.
അബൂബക്കർ, ശറഫുദ്ധീൻ എൻ.വി, ജയപ്രകാശ്, ഹർഷ എന്നിവരും സദസ്സിനെ അഭിമുഖീകരിച്ചു. പ്രാർത്ഥനാ കാവ്യത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ സി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ടി ഷിജില ടീച്ചർ നന്ദിയും രേഖപ്പെടുത്തി.