തിരുവനന്തപുരം: യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2024 ഡിസംബർ 23ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
യു.എ.ഇയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇന്നലെ രാത്രി പോലീസ് നടപടിയെടുത്തത്. രാത്രി എട്ടരയോടെ ഷാജൻ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രി വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജൻ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെ വസ്ത്രം മാറ്റാൻ പോലും അനുവദിച്ചില്ലെന്നും ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും ഷാജൻ സ്‌കറിയ പ്രതികരിച്ചു.
പോലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ പോലെയാണ്. ഒരു ക്രൈം നമ്പർ പറഞ്ഞു. നിങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്നും സഹകരിക്കണമെന്നും പറഞ്ഞു. അങ്ങനെ പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നിൽ നിന്ന് എന്നെ പിടിച്ചുകൊണ്ടുവന്നു. ഷർട്ട് ഇടാൻ പാലും അനുവദിച്ചില്ല. ഉടുപ്പൊന്നും പ്രശ്‌നമില്ല, അത് വാങ്ങിത്തരാമെന്നായിരുന്നു മറുപടി. എനിക്ക് ആരെയെങ്കിലും വിവരം അറിയിക്കണമെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നു പറഞ്ഞ് ഫോൺ പിടിച്ചുവാങ്ങി. ക്രൈം എന്താണെന്നോ ആരാണ് പരാതിക്കാരി എന്നോ വ്യക്തമാക്കിയില്ല. എന്നാൽ, സ്റ്റേഷനിൽ വച്ച് വളരെ മാന്യമായിരുന്നു പോലീസിന്റെ പെരുമാറ്റം.
എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തന്നെ ജയിലിൽ ഇടണമെന്ന വൈരാഗ്യമാണ്. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളുമെന്നും പിണറായിസം തുലയട്ടെയെന്നും ഷാജൻ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.