തിരുവനന്തപുരം– വിഴിഞ്ഞം തുറമുഖം ഉല്‍ഘാടന ചടങ്ങില്‍ ഗൗതം അദാനിയെ സര്‍ക്കാറിന്റെ പങ്കാളിയെന്ന് വിശേഷിപ്പിച്ച മന്ത്രി വാസവന്റെ പരാമര്‍ശത്തെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാഗത പ്രസംഗത്തിലാണ് മന്ത്രി അദാനിയെ സര്‍ക്കാറിന്റെ പങ്കാളിയെന്ന് വിശേഷിപ്പിച്ചത്.
ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സര്‍ക്കാറിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലക്ക് പ്രാധാന്യം നല്‍കണമെന്ന് പറയുന്നതും സന്തോഷമുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് മാറുന്ന ഭാരതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മാരിടൈം മേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടികളുടെ നിക്ഷേപങ്ങളാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആകെ ചിലവായത് 8867 കോടി രൂപയാണ്. ഇതില്‍ കേരള സര്‍ക്കാര്‍ 5595 കോടി രൂപയാണ് മുടക്കുന്നത്. തുറമുഖ നിര്‍മ്മാണത്തിലെ സ്വകാര്യ പങ്കാളിയായ അദാനി പോര്‍ട്ട് ലിമിറ്റഡ് 2454 കോടി രൂപയും ചിലവഴിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി 817 കോടി രൂപ തിരിച്ചു നല്‍കണമെന്ന് വ്യവസ്ഥയോടെ കടം നല്‍കി. നെറ്റ് പ്രൈസ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ നിബന്ധന.