മലപ്പുറം– താജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുഡ്ബോൾ അസോസിയേഷൻ (കാഫ) നാഷണൽസ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിനും മലപ്പുറം ജില്ലക്കും ഗോൾപൂരം. നിലമ്പൂർ സ്വദേശി ഉവൈസ് കോയിക്കലും ഇന്ത്യൻ സീനിയർ ടീമിൽ കളിക്കും. പ്രശസ്ത സ്‌പോർട്‌സ് ജേർണലിസ്റ്റ് എംഎം ജാഫർ ഖാനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന നിമ്പൂരിൽ നിന്നുള്ള ആദ്യത്തെയും മലപ്പുറം ജില്ലയിൽ നിന്നുള്ള എട്ടാമത്തെയും ആളാണ് ഉവൈസ്. മലപ്പുറം ജില്ലാ ഫുഡ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും പരിശീലകനുമായ കമാൽ മോയിക്കലിന്റെ മകനാണ് ഇദ്ദേഹം.
പോസ്റ്റിന്റെ പൂർണരൂപം
താജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിനും മലപ്പുറം ജില്ലക്കും സന്തോഷത്തിന്റെ ഗോൾപൂരം. ചെമ്പാല നാണി മുതൽ ജെസിൻ ടി കെ വരെ നീളുന്ന വലിയ താരനിരയുടെ ചരിത്രമുണ്ട് നിലമ്പൂർ ഫുട്‌ബോളിന്റെതായി. ഈ നാട്ടിൽ നിന്ന് ആദ്യമായി ഇന്ത്യൻ സീനിയർ ഫുട്‌ബോൾ ടീമിൽ അവസരം ലഭിക്കുന്ന താരമാണ് പഞ്ചാബ് എഫ് സിയുടെ പ്രതിരോധനിരക്കാരനായ ചന്തക്കുന്ന് മോയിക്കൽ മുഹമ്മദ് ഉവൈസ്.
മലപ്പുറം ജില്ലയിൽ നിന്ന് ഇന്ത്യൻ സീനിയർ ഫുട്‌ബോൾ ടീമിൽ അവസരം ലഭിക്കുന്ന എട്ടാമത്തെ കളിക്കാരനുമാണ് ഉവൈസ്. മലപ്പുറം മൊയ്തീൻ കുട്ടി, യു ഷറഫലി, സി ജാബിർ, നൗഷാദ് പാരി, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, മഷ്ഹൂർ ശരീഫ് എന്നിവരാണ് ഉവൈസിന് മുൻപ് ഇന്ത്യൻ സീനിയർ ഫുട്‌ബോൾ ടീമിൽ കളിച്ച മലപ്പുറം ജില്ലക്കാർ.
മലപ്പുറം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും പരിശീലകനുമായ കമാൽ മോയിക്കലിന്റെ മകനാണ് ഉവൈസ്. നിലമ്പൂർ മാനവേദൻ സ്‌കൂളിലൂടെയാണ് ഫുട്‌ബോളിലേക്ക് ചുവടുവെക്കുന്നത്. സംസ്ഥാന ജേതാക്കളായ മലപ്പുറം ജില്ലാ ജൂനിയർ ടീമിലൂടെ തുടക്കം. പിന്നീട് മലപ്പുറം എം എസ് പി സ്‌കൂളിൽ ചേർന്ന ഉവൈസിനെ പൂനെയിലെ ഭാരത് ക്ലബ് ടീമിലെടുത്തു. അത് പ്രഫഷനൽ ഫുട്‌ബോൾ കരിയറിലെ വഴിത്തിരിവായി. പിന്നീട് സുദേവ എഫ്‌സി, ഓസോൺ എഫ്‌സി, ബെംഗളൂരു യുണൈറ്റഡ്, കെ എസ് ഇ ബി തുടങ്ങിയ ക്ലബുകൾക്കായി കളിച്ചു. ശേഷം ഗോകുലം കേരളയിലെത്തി. ഗോകുലത്തിനൊപ്പം 2021-22 സീസണിൽ ഐ ലീഗ് കിരീടം നേടി.
ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കൂളായി കളിച്ച ഈ ആറടിക്കാരനെ 2022 ൽ ജംഷഡ്പുർ എഫ് സി സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ ടാറ്റ ടീമിനായി ഉവൈസ് നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. സ്റ്റോപ്പർ സ്ഥാനത്തും ലെഫ്റ്റ് ബാക്ക് സ്ഥാനത്തും അനായാസം കളിക്കുന്ന ഉവൈസ് ജംഷഡ്പുർ പരിശീലകൻ ഖാലിദ് ജമീലിന്റെ പ്രിയങ്കരനായി.
ഈ ജൂണിൽ ഉവൈസ് പഞ്ചാബ് എഫ്‌സിയുമായി കാരറിലെത്തി. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ഈയിടെ ചുമതലയേറ്റ ഖാലിദ് ജമീൽ ആദ്യ ടൂർണമെന്റിനായി പ്രഖ്യാപിച്ച ടീമിൽ തന്നെ പ്രിയ ശിഷ്യന് അവസരം നൽകി.