തിരുവനന്തുപരം– കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് ത്രിഭാഷ നിര്‍ദേശത്തെ രാഷ്ട്രീയമായി എതിര്‍ത്തെങ്കിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദി പഠനത്തിന് പ്രാമുഖ്യം നല്കി സംസ്ഥാന സര്‍ക്കാര്‍. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും വിദ്യാര്‍ഥികള്‍ ഉയര്‍ന്ന നൈപുണി നേടാന്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗരേഖ ലക്ഷ്യമിടുന്നു. നിലവില്‍ അഞ്ചാംക്ലാസ് മുതല്‍ തുടങ്ങുന്ന ഹിന്ദി പഠനം ഒന്നാംക്ലാസ് മുതലാക്കാന്‍ ആലോചനയുണ്ട്. ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ സ്കൂളുകള്‍ ആസൂത്രണം ചെയ്യണം.
എല്ലാ കുട്ടികളും നിര്‍ബന്ധമായി ഹിന്ദി പഠിക്കുന്ന രൂപത്തിലായിരിക്കണം ഭാഷാപദ്ധതി. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊര്‍ജിതമാക്കുന്നതിനു പുറമെ ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. സംസ്ഥാനം നയപരമായി ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമ്പോഴും ത്രിഭാഷ പദ്ധതിക്കനുസരിച്ച് മുന്നോട്ട് പോവാനാണ് കേരളത്തിന്റെ തീരുമാനം. അതിഥിത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പൊതു വിദ്യാലയങ്ങളില്‍ ചേരുന്നുണ്ട്. അവരെ ആകര്‍ഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും. ഭാഷാ പഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.