കോഴിക്കോട്– “വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്നതും പ്രാധാന്യം ഉള്ളതുമായ പദ്ധതികൾ നടപ്പിലാക്കണം എന്നാണ് തന്റെ ആഗ്രഹം.”_ചരിത്ര നേട്ടം കൈവരിച്ചുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി കെ ഷിഫാന പറയുന്നു.
തന്റെ സ്വപ്‌നങ്ങളും ഭാവി പദ്ധതികളും പങ്കുവെച്ച് ‘ ദമലയാളം ന്യൂസു’മായി സംസാരിക്കുകയായിരുന്നു അവർ.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരുപാട് മാറ്റം വരാനുണ്ടെന്നും അതിനായി തന്നെ കൊണ്ട് ആവുന്ന കാര്യങ്ങൾ ചെയ്യുമെന്നും യൂണിയൻ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് എഫ് ചരിത്രത്തിലെ ആദ്യ വനിതാ ചെയർ പേഴ്സൺ എന്ന ബഹുമതി കൂടി സ്വന്തമാക്കിയ ഷിഫാന വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നാൽ വിദേശ, സെൻട്രൽ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്നതിന് പകരം നമ്മുടെ വിദ്യാർത്ഥികൾക്ക് ഇവിടെ നിന്നും മികച്ച വിദ്യാഭ്യാസം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിഫാന പറഞ്ഞു.
കോളേജുകളിലും സ്കൂളുകളിലും നടക്കുന്ന റാഗിങ്ങ് കേസുകളെക്കുറിച്ചും ഷിഫാന തന്റെ ആശങ്ക പങ്കുവെച്ചു. “ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന അനുകരണ വീഡിയോ കണ്ട് കുട്ടികൾ പ്രചോദിതരാവുകയാണ്.” – അവർ പറഞ്ഞു. താൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വമാണ് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക എന്നത്. മനുഷ്യനെ ഉപദ്രവിച്ച് കൊണ്ട് അതിൽ ആനന്ദം കണ്ടെത്തുന്നതിന് പകരം മനുഷ്യനെ പരസ്പരം സ്നേഹിക്കുന്നതിന്റെയും സഹായിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കും.
രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകളുടെ പ്രാതിനിധ്യം കാലതാമസം ഉണ്ടാവും. ഒരു വരണ്ട ഭൂമി കിളച്ച് ശരിയായി വരാൻ കുറച്ച് സമയം എടുക്കുമെങ്കിലും ആ ഒരു സമയം കഴിഞ്ഞിരിക്കുകയാണ്. പൊതുരംഗത്ത് സ്ത്രീകളുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗ് കാലോചിതമായ തീരുമാനം എടുക്കുന്ന പാർട്ടിയാണ്. ആദ്യം മതിയായ വിദ്യാഭ്യാസം നൽകി പെൺകുട്ടികളെ ലീഡർഷിപ്പിലേക്ക് കൊണ്ടുവരാൻ പ്രാപ്തരാക്കുകയാണ് ലീഗ് പാർട്ടി ചെയ്തത്. ഈ ഒരു ചെറിയ പ്രായത്തിലും തന്റെ പാർട്ടി തന്നെ പരിഗണിച്ചിട്ടുണ്ടെന്നത് ഏറെ മുഖ്യമാണ്.
“ഒരു ഉത്തരവാദിത്വപ്പെട്ട പദവി തനിക്ക് നൽകുകയും മത്സരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.”-ഷിഫാന പറഞ്ഞു.
ആക്രമ രാഷ്ട്രീയം ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്തതാണ്. ആശയങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും അതിനെ നേരിടും. ആശയങ്ങൾ കൊണ്ട് പോരാടാൻ സാധിക്കാത്തവരാണ് ആയുധം കയ്യിൽ എടുക്കുന്നത്. ഞങ്ങളുടെ ആയുധം എന്ന് പറയുന്നത് പേന എന്നാണ് താൻ പഠിച്ചിട്ടുള്ളത്. ബഹുഭൂരിപക്ഷത്തിൽ സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫിന് വിജയിക്കാൻ സാധിച്ചത് വിദ്യാർഥികൾ അക്രമരാഷ്ട്രീയം വേണ്ട എന്ന് പറഞ്ഞു തുടങ്ങിയതിന്റെ തെളിവാണെന്നും ഷിഫാന കൂട്ടിച്ചേർത്തു.
കാലിക്കറ്റ് സർവകലാശാലയിലെ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സണായ പി.കെ. ഷിഫാനക്ക് മുൻപ് 1979-ൽ പി.എം. മഹമൂദ്, 1982-ൽ സി.എം. യൂസുഫ്, 1983-ൽ അഡ്വ. ടി.പി.വി. കാസിം എന്നിവരാണ് എംഎസ്എഫിന്റെ യൂണിയൻ കൗൺസിലർമാരായി അധ്യക്ഷ പദവി അലങ്കരിച്ചത്.