കോഴിക്കോട്- കേരളത്തിലെ മുസ്‌ലിംകളെ ഭിന്നിപ്പിച്ചു നിർത്തി നേട്ടം കൊയ്യാനുള്ള നീക്കമാണ് സി.പി.എം തുടരുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞ ലീഗ് വിമർശനങ്ങൾ കേരളത്തിലെ മുഴുവൻ മനുഷ്യരും കേൾക്കണമെന്നും അസ്ഹരി നിർദ്ദേശിച്ചു.
മാധ്യമപ്രവർത്തകൻ പ്രശാന്തിന് ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് ശമ്പളവും എ.കെ.ജി സെന്ററിൽ നിന്ന് അലവൻസും കിട്ടുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തള്ളിക്കളയാനാകില്ലെന്നും എല്ലാ കാലത്തും മുസ്‌ലിം സമുദായത്തിന്റെ ഭിന്നതകളിൽ അതീവ താല്പര്യവും അതിൽ ഇടപെട്ട് സമുദായത്തെ തമ്മിലടിപ്പിച്ച് ആനന്ദം കൊള്ളുന്നയാളാണ് പ്രശാന്ത്. എകെജി സെന്ററിന് വേണ്ടി പണിയെടുക്കുന്ന കുഞ്ഞാടായ പ്രശാന്തിന്റെയുള്ളിൽ ആർ.എസ്.എസുകാരൻ പെറ്റുകിടപ്പുണ്ടോ എന്നും നവാസ് ചോദിച്ചു.
1989 ലെ പാരമ്പര്യ സുന്നി സംഘടനയുടെ പിളർപ്പിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് അന്ന് നേതൃത്വത്തിൽ ഉണ്ടായിരുന്ന കാന്തപുരം ഉസ്താദിന് ഒപ്പമായിരുന്നില്ല. സ്വാഭാവികമായും മുസ്‌ലിം ലീഗുമായി ചേർന്നു നിൽക്കുന്ന പാരമ്പര്യ സമീപനം ഉസ്താദിന്റെ സമസ്തക്ക് വർഷങ്ങളായി ഉണ്ടായിരുന്നിട്ടുമില്ല. ഹക്കീം അസ്ഹരി ഉസ്താദിന്റെ മറുപടികളിലല്ല ആ മറുപടികളിലേക്കെത്തിക്കുന്ന പ്രശാന്തിന്റെ വിഷനാവാണ് തുറന്നുകാട്ടപ്പെടേണ്ടത്. മുസ്‌ലിം സമുദായത്തിൽ മുസ്‌ലിം ലീഗിന് സ്ഥാപനവത്കരണം എന്ന ലക്ഷ്യമുണ്ടായിട്ടില്ല. വിവിധ സ്ഥാപനങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിൽ മുസ്‌ലിം ലീഗിനോട് ഉസ്താദിന് വിമർശിക്കാവുന്നതും മുസ്‌ലിം ലീഗിന് സധൈര്യം ആ കാര്യങ്ങളെല്ലാം വിശദീകരിക്കാനും കഴിയും. ഇക്കാലമത്രയും മുസ്ലിം ലീഗിന്റെ കൽപ്പടവുകളിൽ പിന്നോട്ട് സഞ്ചരിക്കുന്നവർക്ക് അതെല്ലാം വായിക്കാവുന്നതാണ്.
ലോകം എത്ര സഞ്ചരിച്ചാലും മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക വളർച്ചയിൽ മുസ്‌ലിം ലീഗിനും സമസ്ത കാന്തപുരം വിഭാഗത്തിനും ഉള്ള അഭിപ്രായങ്ങളിൽ ഇന്നലകളിലൂടെയുള്ള വായനയിൽ എന്തെങ്കിലും മാറ്റം വരുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത്തരം അഭിപ്രായങ്ങളുടെ വ്യത്യാസങ്ങളിൽ ഇരുകൂട്ടർക്കും ഇന്ന് ഒരുമിച്ച് ഇരിക്കുന്നതിൽ എന്തെങ്കിലും തടസ്സങ്ങളുള്ളതായി കാണാനാകില്ല. കാലം കയ്പുരസങ്ങളെ മായ്ക്കുമ്പോൾ വീണ്ടും കുത്തി കയ്പ്പിക്കാൻ ശ്രമിക്കുന്ന തുരപ്പന്മാരെ കരുതിയിരിക്കാനുള്ള വിവേകം എല്ലാവർക്കുമുണ്ടാകണം.
മുസ്‌ലിം സ്ത്രീകളുടെ വേഷം, ഭക്ഷണം, വിവാഹം, പഠനം, സഞ്ചാരം തുടങ്ങി പ്രസവം വരെ കേരളത്തിലെ പുരോഗമന സ്റ്റീരിയോകളുടെ മുനയൊടിച്ച ഉസ്താദിന്റെ ഗംഭീരമായ വിശദീകരണങ്ങൾ ആ അഭിമുഖത്തിലുണ്ട്. അത് കേൾക്കാനും ചർച്ചചെയ്യാനും എല്ലാവരും മുന്നോട്ട് വരണം. സമീപകാലത്ത് മുസ്‌ലിം സമുദായത്തിനെതിരായി ലിബറലുകൾ ഊതിവീർപ്പിച്ച ബലൂണുകൾ രണ്ടാമതൊരു ആലോചനയില്ലാതെ ഉസ്താദ് ഹക്കീം അസ്ഹരി പൊട്ടിച്ചുകളയുമ്പോൾ വിയർക്കുന്നത് പ്രശാന്തിന്റെ ശിരസ്സാണ്. ആ അസ്വസ്ഥതയിലാണ് പുട്ടിന് തേങ്ങയിടുന്നത് പോലെ ഇയാൾ ലീഗ്, മുജാഹിദ് എന്നൊക്കെ പറഞ്ഞ് വഴിമാറ്റി ഓടുന്നത്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് മുസ്‌ലിം ലീഗുകാർക്ക് സവിശേഷമായ അനേകം ഉത്തരവാദിത്വങ്ങളുണ്ട്. അത് സമയാസമയം പാണക്കാട്ടെ ഉമ്മറപ്പടിയിൽ നിന്ന് നിങ്ങൾ കേൾക്കുന്നില്ലേ? ആ വാക്കുകൾ കേട്ട് മുന്നോട്ട് പോവുക. ആ ജീവിതം കണ്ട് ഊറ്റം കൊള്ളുക, ആ ആദർശത്തിൽ ഊർജ്ജം കൊള്ളുക. മഹത്തുക്കളായ നമ്മുടെ നേതാക്കൾ സമുദായത്തിനായി അശ്രാന്തപരിശ്രമം നടത്തുമ്പോൾ ഇത്തരം പ്രശാന്തുമാരുടെ വലയിൽ വീണ് സമയം പാഴാക്കാതിരിക്കുക.