മലപ്പുറം: സീ പ്ലെയിനിൽ പിണറായി സർക്കാരിനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ പിണറായി സർക്കാർ മേനിപറയുന്നത് കേട്ടാൽ ചിരിയാണ് വരുന്നതെന്ന് അദ്ദേഹം വീഡിയോയിൽ പരിഹസിച്ചു.
നന്മ നിറഞ്ഞ എല്ലാ പദ്ധതികളെയും തുടക്കത്തിൽ എതിർക്കും. എന്നിട്ട്, അവസാനം എല്ലാറ്റിന്റെയും പിതൃത്വം ഏറ്റെടുക്കാൻ നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഇവരെപ്പോലെ ഞങ്ങളുമായാൽ നാട്ടിൽ എന്തെങ്കിലും വികസനം വരുമോയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണിപ്പോൾ. എന്നാൽ നന്മ നിറഞ്ഞ പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ ജനപക്ഷത്തുനിന്നുള്ള നല്ല ഇഛാശക്തിയും യു.ഡി.എഫിനുണ്ടാകണമെന്ന് പലരും വീഡിയോയാടായി പ്രതികരിച്ചു.
ഉമ്മൻചാണ്ടി സർക്കാർ 2012-ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാരെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇടതുപക്ഷം അർഹതയില്ലാത്ത മേനിപറയും മുമ്പ് സോറിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും? സി പ്ലെയിന് മുമ്പേ എക്‌സ്പ്രസ് ഹൈവേയേയും സി.പി.എം എതിർത്തു. പശുവിനെ എങ്ങനെ അപ്പുറത്തു നിന്നും ഇപ്പുറത്തെത്തിക്കുമെന്നായിരുന്നു ചോദ്യം. ഇത്തരം വിഡ്ഢി ചോദ്യങ്ങൾ യു.ഡി.എഫ് ചോദിക്കാത്തതിനാൽ സർക്കാറിന് മുന്നോട്ടു പോകാനായി. നല്ല കാര്യങ്ങളെ യു.ഡി.എഫ് എതിർക്കാത്തതുകൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇനിയെങ്കിലും അന്ധമായ കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് നാടിന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ പിന്തുണക്കാൻ സി.പി.എമ്മിന് സാധിക്കണമെന്നും കാലം കുറെ മുന്നോട്ടു പോയെന്നും പലരും പ്രതികരിച്ചു.