കോഴിക്കോട്- വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദിയെന്ന് കെ.ടി ജലീലിനോട് പി.കെ ഫിറോസ്. ബിസിനസിൽ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിൽ ബിസിനസില്ലെന്നും പറഞ്ഞാണ് ഫിറോസ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫിറോസിന് പങ്കാളിത്തമുള്ള ഫ്രൈഡ് ചിക്കൻ കടയുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.
ഫിറോസിന് പങ്കാളിത്തമുള്ള പട്ടാമ്പി കൊപ്പത്തെ ബ്രോസ്റ്റ് കടയിൽ താൻ പോയിരുന്നുവെന്നും ഇവിടെയുള്ള യൂത്ത് ലീഗ് പ്രവർത്തകരാണ് തനിക്ക് ചില വിവരങ്ങൾ കൈമാറിയത് എന്നും ജലീൽ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും ആരോപിച്ചു. എന്നാൽ ദോത്തി ചലഞ്ചുമായി ബന്ധപ്പെട്ട് ഏതെങ്കിലും യൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെ കണ്ടുവെന്ന് തെളിയിച്ചാൽ ആയിരം ദോത്തി ജലീലിന് സമ്മാനിക്കുമെന്ന് പ്രാദേശിക യൂത്ത് ലീഗ് നേതൃത്വം തിരിച്ചടിച്ചു.
ഇന്ന് രാവിലെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലും ജലീലിനെ പരോക്ഷമായി വിമർശിച്ച് ഫിറോസ് രംഗത്തെത്തിയിരുന്നു. സൗദി അറേബ്യയിൽ സന്ദർശനത്തിന് എത്തിയ ഫിറോസ്, അൽ ഹസയിലെ ഈത്തപ്പഴത്തിന് ഡിമാന്റ് കൂടുതലാണ് എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. അൽഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഫിറോസ് അൽ ഹസയിൽ എത്തിയത്.