കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്‌ച അന്നു നടന്നിരുന്നുവെന്നും അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നിരുന്നു. മുഖത്തുനോക്കി അവരെ വർഗീയ വാദികൾ എന്നു വിളിച്ചു. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്‌ച. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്‌മൂലം നൽകി.
ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംവാദത്തിന് തയ്യാറെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെല്ലുവിളിയാണ് മുഖ്യമന്ത്രി സ്ഥീകരിച്ചത്. സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും നിശ്ചയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കോഴിക്കോട് മുഖാമുഖത്തില്‍ പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹത്തിന് അറിയില്ലേ?. നമ്മുടെ കേരളത്തിലെ എംപിമാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നത് ഞാന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ? അതിദാരിദ്ര്യമുക്തമായതിന്റെ പേരില്‍ കേരളത്തിന്റെ റേഷന്‍ വിഹിതം മുടക്കാന്‍ യുഡിഎഫ് എംപിമാര്‍ അനാവശ്യ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.



