തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോയി.
ഈമാസം 19ന് തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പി.കെ ശ്രീമതിയുടെ മുഖത്ത് നോക്കി പിണറായി വിജയൻ പ്രായപരിധി ഇളവ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ മറ്റു നേതാക്കളെല്ലാം മൗനികളായി.
എന്നാൽ, കേന്ദ്ര കമ്മിറ്റി എന്ന നിലയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്നതാണ് പാർട്ടി പതിവെന്ന് ശ്രീമതി ടീച്ചർ പിണറായിക്ക് മറുപടി നൽകി. ഒപ്പം പാർട്ടി ദേശീയ ജനറൽസെക്രട്ടറി എം.എ ബേബിയോടും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷോടും ചോദിച്ചപ്പോൾ സെക്രട്ടേറിയേറ്റിൽ പങ്കെടുക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ യോഗത്തിന് എത്തിയതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
എന്നാൽ, മറ്റു നേതാക്കൾ പ്രതികരിക്കാതിരിക്കുകയും കേരളത്തിൽ താങ്കൾക്ക് പ്രത്യേക ഇളവൊന്നുമില്ല, മഹിളാ അസോസിയേഷൻ ദേശീയ നേതാവെന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചാണ് താങ്കൾ പ്രവർത്തിക്കേണ്ടതെന്നും കേന്ദ്ര കമ്മറ്റിയിൽ മാത്രമാണ് ഇളവെന്നും പിണറായി വിജയൻ ആവർത്തിച്ചു വാദിച്ചതോടെ യോഗത്തിൽനിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ ശ്രീമതി പങ്കെടുത്തെങ്കിലും ഇത് ആരും ചോദ്യം ചെയ്തില്ലെന്നാണ് വിവരം.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കാമെന്നിരിക്കെ തനിക്കു മാത്രം ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നാണ് ശ്രീമതി ടീച്ചറും അവരെ പിന്തുണക്കുന്നവരും ചൂണ്ടിക്കാട്ടുന്നത്.
മധുരയിൽ സമാപിച്ച ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് കേന്ദ്ര കമ്മിറ്റി അംഗമായി പ്രായപരിധി ഇളവ് നൽകി പി.കെ ശ്രീമതിയെ നിലനിർത്തിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നത് പാർട്ടിയിലെ പതിവാണ്. എന്നാൽ, ശ്രീമതിയെ പിണറായി വിജയൻ വിലക്കിയത് വിവാദമാക്കാൻ താൽപര്യമില്ലെന്നും വിഷയം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തി തീരുമാനം എന്തായാലും അതംഗീകരിച്ച് മുന്നോട്ട് പോകാനാണ് ശ്രീമതി ടീച്ചറുടെ താൽപര്യമെന്നും വിവരമുണ്ട്. എന്നാൽ ‘എന്നെ കേന്ദ്രീകരിച്ചുള്ള പുതിയ വാർത്ത അടിസ്ഥാനരഹിതമാണെന്നാണ്’ സംഭവം വിവാദമായതോടെ പി.കെ ശ്രീമതി ടീച്ചർ പ്രതികരിച്ചത്.
അതിനിടെ, പാർട്ടിയുടെ പുതിയ ആസ്ഥാന മന്ദിരം തലസ്ഥാനത്ത് പാർട്ടി ദേശീയ ജനറൽസെക്രട്ടറി എം.എ ബേബിയെ കാഴ്ചക്കാരനാക്കി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് പാർട്ടിക്കകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. പാർട്ടി പരിപാടിയിൽ ദേശീയ ജനറൽസെക്രട്ടറി ഉണ്ടായിരിക്കെ പൊളിറ്റ് ബ്യൂറോ അംഗം ഉദ്ഘാടകനാകുന്നതിലെ അനൗചിത്യവും സംഘടനാ ചട്ടക്കൂടിന് വിരുദ്ധവുമായ കാര്യം പലരും ഇതിനകം ചർച്ചയാക്കിയിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വത്തെയെല്ലാം നിഷപ്രഭമാക്കിയുള്ള ഈ പോക്ക് പാർട്ടിക്ക് ഭാവിയിൽ വലിയ ക്ഷീണമുണ്ടാക്കുമെന്നും തെറ്റായ ഈ രീതി ആശാസ്യകരമല്ലെന്നും തിരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
എന്നാൽ, പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ എം.എ ബേബി പോയതാണ് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയതെന്നും ബേബി അതിന് പോകേണ്ടിയിരുന്നില്ലെന്നും കേരളത്തിന് പുറത്തുള്ള ഒരു ജനറൽസെക്രട്ടറി ആയിരുന്നേൽ ഉദ്ഘാടകൻ ജനറൽസെക്രട്ടറി തന്നെ ആകുമായിരുന്നുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
………………………………………………………….

1996-ൽ കണ്ണൂർ ജില്ലയിലെ പെരളശേരി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ സാന്നിധ്യത്തിൽ സ്‌കൂളിലെ കമ്പ്യൂട്ടർ റൂം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നതാണ് ചിത്രം.
ചടങ്ങിൽ എം.വി ജയരാജൻ പറഞ്ഞ എന്തോ തമാശ കേട്ട് പിണറായി വിജയൻ നിഷ്‌കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമല്യവും മനസിലാക്കാൻ ഈ ഫോട്ടോ മാത്രം മതിയെന്ന് പിന്നീട് പി.കെ ശ്രീമതി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. കാൽ നൂറ്റാണ്ടിലേറെയായിട്ടും ഫോട്ടോവിനു ഒരുകോട്ടവും സംഭവിച്ചില്ലെങ്കിലും ഈ ഫോട്ടോയും പുതിയ വാർത്തയും സമൂഹമാധ്യമത്തിൽ ചർച്ചയാണ് .