തിരുവനന്തപുരം– മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച സെൻട്രൽ സ്റ്റേഡിയത്തിലാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 50 സെക്കൻഡ് ദൈർഘ്യം വരുന്ന ടീസറിൽ നടൻ കമൽ ഹാസനും സെക്കൻഡുകൾ ദൈർഘ്യത്തിൽ മുഖം കാണിച്ചിരുന്നു. താരം തന്നെയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തതും.
ആദ്യമായിട്ടാണ് ഒരു സർവീസ് സംഘടന ഇത്തരത്തിൽ ഡോക്യൂമെന്ററി ഒരുക്കുന്നത്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും സെക്രട്ടറിയേറ്റിനു മുന്നിൽ പിണറായി വിജയന്റെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഡോക്യൂമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്‌കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള.