തൃശൂര്‍– ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. പെരിങ്ങര കൊച്ചു മുണ്ടക്കത്തില്‍ റോബിന്‍ സക്കറിയ (40)യെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശി പാലപറമ്പില്‍ മൈക്കിള്‍ ആബേല്‍ റോയ് എന്നയാളാണ് പരാതിയിലാണ് നടപടി. വിദേശത്ത് ജോലി നോക്കുന്ന സമയത്ത് ഒരു സുഹൃത്ത് വഴിയാണ് റോബിന്‍ സക്കറിയയെ ആബേല്‍ റോയ് പരിചയപ്പെടുന്നത്.
തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനിയില്‍ ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് എഗ്രിമെൻ്റിൽ ഒപ്പുവെപ്പിച്ച് 1,50,000 രൂപയും പിന്നീട് 2,30,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ജോലി ശരിയാകാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
ഈ കേസിലെ അന്യേഷണം നടക്കുന്നതിനിടയിലാണ് പ്രതിയായ റോബിന്‍ സക്കറിയയെ കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്നതായി വിവരം കിട്ടിയത്. തുടര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോര്‍ട്ട് നല്‍കുകയും വെള്ളിയാഴ്ച കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജറാക്കി കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു.
നിലവില്‍ ഇയാളുടെ പേരില്‍ തിരുവല്ല സ്‌റ്റേഷനില്‍ അഞ്ച് തട്ടിപ്പ് കേസുകളും, കണ്ണമാലി, അമ്പലപ്പുഴ, പുളിക്കീഴ്, പയ്യോളി, കോങ്ങാട് പോലീസ് സ്‌റ്റേഷനുകളിലും ഓരോ തട്ടിപ്പ് കേസുകളും അടക്കം 11 ക്രിമിനല്‍ കേസുകളുണ്ട്.