കണ്ണൂര്‍ – ഇപ്പോൾ നടക്കുന്നത് ബാര്‍ കോഴകേസല്ല മറിച്ച്, മദ്യനയ കോഴക്കേസാണെന്നും കേരളത്തിലെ ഭരണാധികാരികള്‍ ജയിലില്‍ പോയി ചപ്പാത്തി തിന്നുന്ന കാലം വിദൂരമല്ലെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന നേതൃപഠന ക്യാംപ് ‘കരുതല്‍ 2024’ പയ്യാമ്പലം മര്‍മര ബീച്ച് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂണ്‍ നാല് കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കും. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സംരംക്ഷണം അവസാനിക്കും. പദ്ധതികള്‍ വെട്ടികുറച്ച് ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം ഭരണഘടനാ വിരുദ്ധമാണ്. പൊതു സിവില്‍ സര്‍വീസ്, ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജീവനക്കാർ ആവശ്യപ്പെടാതെ എല്‍ടിസി അടക്കം ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയിട്ടും അന്ന് സമരം നടത്തിയവരും ഇന്ന് ഭരണപക്ഷത്തുള്ളവരുമായ സര്‍വീസ് സംഘടനകള്‍ നാല് കൊല്ലമായി ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടും കത്തിജ്വലിക്കാതെ ചാരമായി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ അവസാനിപ്പിക്കുമെന്നും തദ്ദേശസ്വയംഭരണ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എയും കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന നേതാക്കളെ ആദരിച്ചു. കെഎല്‍ജിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്‌സണ്‍, മുന്‍ മേയര്‍ ടി.ഒ.മോഹനന്‍, എം.വസന്തന്‍, എന്‍.എ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.