പാലക്കാട്: പട്ടാമ്പി എം.എൽ.എയും സി.പി.ഐയുടെ യുവ തുർക്കിയുമായ മുഹമ്മദ് മുഹ്സിൻ ഉംറയ്ക്ക് പുറപ്പെട്ടു. വിശുദ്ധ ഭൂമിയിലേക്ക് ഉംറയ്ക്കു പോകുന്ന വിവരം എം.എൽ.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. യു.എ.ഇയിൽനിന്നാണ് പോസ്റ്റ് ഇട്ടത്.
‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് എം.എൽ.എ ചിത്രം പങ്കുവച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മുഹമ്മദ് മുഹ്സിനെ വിഭാഗീയ പ്രവർത്തനം ആരോപിച്ച് പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സി.പി.ഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചിരുന്നു. കാനം പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എം.എൽ.എ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്ന് കെ.ഇ ഇസ്മായിലിനെ തുണക്കുന്ന ഒരു വിഭാഗം ആരോപിച്ചിരുന്നു. ‘എപ്പോഴും എം.എൽ.എയായി ഇരിക്കാനാവില്ല. സിനിമയിൽ നല്ല അവസരം ലഭിച്ചാൽ അഭിനയിക്കുമെന്ന്’ മുഹ്സിൻ നായകനായി ‘തീ’ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ അദ്ദേഹം പ്രതികരിച്ചിരുന്നു.