തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്നത് രണ്ടു ദിവസം. സൂപ്രണ്ട് ഓഫീസിലെ ഒ.പി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നത്. ഇദ്ദേഹം ലിഫ്റ്റിലുള്ള വിവരം പുറംലോകം അറിഞ്ഞതേയില്ല. തിരുമല രവി എന്നയാളാണ് ശനിയാഴ്ച മുതൽ ലിഫ്റ്റിനകത്ത് കുടുങ്ങിയത്. രവി സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ രവി ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. രവിയുടെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയതിനാൽ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് കിട്ടിയുമില്ല. രവിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു.