- മരിച്ച വ്യക്തിയുടെ ഡോക്ടറായ മകൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു അബ്രഹാം എം.ബി.ബി.എസ് പാസാകാത്ത ആളാണെന്ന് മനസ്സിലായതെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട്ട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചതായി പരാതി. കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലെ ആർ.എം.ഒ അബു അബ്രഹാം ലൂക്കിനെതിരെയാണ് കുടുംബത്തിന്റെ പരാതി. പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറി(60)ന്റെ മരണത്തിലാണ് കുടുംബാംഗങ്ങൾ ഫറോക്ക് പോലീസിൽ പരാതി നൽകിയത്. എം.ബി.ബി.എസ് പരാജയപ്പെട്ട അബു അബ്രഹാമാണ് വിനോദിനെ ചികിത്സിച്ചതെന്നാണ് കുടുംബത്തിന്റെ പരാതിയിലുള്ളത്.
ശ്വാസതടസ്സവും നെഞ്ചുവേദനയെ തുടർന്നും ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23-നാണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെയായിരുന്നു മരണം. പിന്നാലെ പരിശോധിച്ച ഡോക്ടറിന്റെ പെരുമാറ്റത്തിൽ കുടുംബത്തിന് സംശയം തോന്നുകയായിരുന്നു. വിനോദിന്റെ മകൻ അശ്വിൻ ഡോക്ടറായിരുന്നു. ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എം.ബി.ബി.എസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് കുടുംബം പ്രതികരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.