കാസർകോട്: അങ്കണവാടി വിഷയവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വനിതാ പഞ്ചായത് അംഗം ഭരണസമിതി യോഗത്തിൽ വച്ച് അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മുസ്ലിം ലീഗിലെ ആയിശത് റുബീനയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
റുബീനയുടെ വാർഡിൽപെട്ട അമ്പിത്തടിയിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അതിന് സ്വന്തം കെട്ടിടം നിർമിക്കാൻ ഭരണസമിതി മൂന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഏഴാം വാർഡിൽ അങ്കണവാടി കെട്ടിടം പണിയാൻ റുബീനയും ആറാം വാർഡിൽ കെട്ടിടം നിർമിക്കാൻ എസ്.ഡി.പി.ഐ അംഗവും സ്ഥലം കണ്ടുവെച്ചിരുന്നു. റുബീനയ്ക്ക് മുമ്പേ ഏഴാം വാർഡ് അംഗം സ്ഥലം കാണിച്ചു കൊടുത്തിരുന്നു എന്നാണ് പറയുന്നത്.
തർക്കം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി രണ്ട് സ്ഥലവും യോഗ്യമല്ലെന്ന് കണ്ട് നിർദേശം തള്ളിയിരുന്നു. ഇതിനെതിരെ എസ് ഡി പി ഐയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഓംബുഡ്‌സ്മാനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. നിലവിലുള്ള സ്ഥലം മാറ്റി കെട്ടിടം എസ് ഡി പി ഐ അംഗത്തിന്റെ വാർഡിലേക്ക് പോകുന്നതിനെ റുബീനയും മുസ്ലിം ലീഗും ശക്തമായി എതിർത്തു.
ഇക്കാര്യത്തിൽ പ്രദേശവാസികളുടെയും മറ്റും കടുത്ത സമ്മർദ്ദം കാരണം ബുധനാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനം കൈകൊള്ളണമെന്ന് റുബീന ആവശ്യപ്പെട്ടെങ്കിലും ഓംബുഡ്‌സ്മാൻ കേസിന്റെ കാര്യം പറഞ്ഞ് വിഷയം തത്കാലം പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ റുബീന കയ്യിൽ ഉണ്ടായിരുന്ന കുറെ ഉറക്ക ഗുളികകൾ ഒരുമിച്ച് കഴിക്കുകയായിരുന്നുവത്രെ.
ഇതേ തുടർന്ന് യോഗത്തിനെത്തിയ മറ്റ് അംഗങ്ങൾ ചേർന്ന് ഇവരെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മംഗ്ളൂരിലേക്ക് മാറ്റി ദേർളക്കട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സഹപ്രവർത്തകർ അറിയിച്ചത്.