കൊച്ചി– പാലത്തായി സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മനാഭനെതിരായ പോക്സോ കേസ് കോടതി വിധിയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ല എന്ന കെ.കെ ശൈലജ ടീച്ചറുടെ ന്യായീകരണം തെറ്റെന്ന് കണ്ടെത്തൽ. പത്മനാഭനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിന്യായത്തിൽ മുൻ വനിതാ–ശിശുക്ഷേമ മന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെ.കെ. ശൈലജയ്ക്കെതിരെ വിമർശനം. 10 വയസ്സുകാരിയായ അതിജീവിതയോട് കൗൺസിലർമാർ നടത്തിയ അപമര്യാദയായ ചോദ്യം ചെയ്യലും അതിൽ പരാതി നൽകിയിട്ടും മന്ത്രി നടപടിയെടുക്കാതിരുന്നതും കോടതി ചോദ്യം ചെയ്തു.
151 പേജുള്ള വിധിന്യായത്തിലെ പേജ് 102, പോയിന്റ് 112ൽ കോടതി നിരീക്ഷിക്കുന്നത് ഇങ്ങനെ:
“2020 സെപ്റ്റംബർ 21ന് അതിജീവിതയുടെ അമ്മ വനിതാ–ശിശുക്ഷേമ മന്ത്രിക്ക് മുമ്പാകെ കൗൺസിലർമാരുടെ അധാർമികവും പരുഷവുമായ പെരുമാറ്റത്തിനെതിരെ പരാതി നൽകിയിരുന്നു. ആ പരാതി ഇപ്പോഴും പരിഗണനയിലാണ്. ഈ വിഷയത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”
ആ മന്ത്രി കെ.കെ. ശൈലജ തന്നെയാണെന്ന് കോടതി വ്യക്തമാക്കുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ മന്ത്രി കണ്ണടച്ചു എന്നാണ് കോടതിയുടെ പരോക്ഷ വിമർശനം.
വിധിന്യായത്തിന്റെ 95–102 പേജുകളിൽ കോടതി കൗൺസിലർമാരുടെ പ്രവൃത്തിയെ “നാണക്കേട്” എന്നാണ് വിശേഷിപ്പിച്ചത്. 10 വയസ്സുകാരിയെ ദിവസങ്ങളോളം മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് വിധേയയാക്കി. സാധാരണഗതിയിൽ രഹസ്യമായിരിക്കേണ്ട കൗൺസിലിംഗ് റിപ്പോർട്ട് 69 പേജായി വിശദമായി പ്രതിഭാഗത്തിന് അനുകൂലമാക്കി നൽകി.
കുട്ടിയെ കൗൺസിലിംഗ് ചെയ്ത കൗൺസിലർമാരുടെ ചോദ്യങ്ങളെ അതിരൂക്ഷമായാണ് കോടതി വിമർശിച്ചത്. ഭൂരിഭാഗം ചോദ്യങ്ങളും “അത്യന്തം അസഭ്യവും ലൈംഗികവും അപമാനകരവും” ആയിരുന്നുവെന്ന് കോടതി കണ്ടെത്തി. കൗൺസിലർമാർ പ്രതിഭാഗത്തിന്റെ വാദങ്ങൾ ശക്തിപ്പെടുത്താനും “പൊയിലൂരിൽ അജ്ഞാതൻ പീഡിപ്പിച്ചു” എന്ന പ്രതിയുടെ വാദം ഉറപ്പിക്കാനും ശ്രമിച്ചു എന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയെ “കള്ളം പറയുന്ന സ്വഭാവം”, “ഫാന്റസി സ്വഭാവം”, “വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം” ഉള്ളവളെന്ന് റിപ്പോർട്ടിൽ എഴുതി അപമാനിച്ചതും കോടതി രേഖപ്പെടുത്തി.
ഇത്തരം വ്യക്തികൾ കൗൺസിലർ ജോലി തുടരാൻ അർഹരല്ലെന്നും അവരെ ഉടൻ പിരിച്ചുവിടണമെന്നും കോടതി ശക്തമായി ആവശ്യപ്പെട്ടു.
ഈ സംഭവങ്ങൾ കണ്ണടച്ച് കണ്ടില്ലെന്ന് നടിച്ച മുൻ മന്ത്രി കെ.കെ. ശൈലജ ഇപ്പോൾ “കോടതി വിധിയിൽ എന്റെ പേര് പരാമർശിച്ചിട്ടില്ല” എന്ന് അവകാശപ്പെടുന്നത് വിവാദമായിട്ടുണ്ട്. പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നത് കുട്ടിയോടുള്ള കടുത്ത അനീതിയാണെന്ന ആരോപണം ശക്തമാകുന്നു. കോൺഗ്രസ് വക്താവ് താരാ തോജോ അലക്സ് അടക്കമുള്ളവർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോടതിയുടെ നിരീക്ഷണങ്ങളെയെല്ലാം ചൂണ്ടിക്കാട്ടി കെ.കെ ശൈലജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.



