പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ച അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്നത് പരിശോധിക്കുമെന്നും കല്ലടിക്കോട് സി.ഐ എം ഷഹീർപറഞ്ഞു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
കാറിൽ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. കാർ ഡ്രൈവർ ആരായിരുന്നുവെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. അതിനിടെ, അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ വിഗ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഏറെ ശ്രമകരമായാണ് കാർ വലിച്ച് പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി അഞ്ചു മൃതദേഹങ്ങളും ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട്ട് ഇന്ന് ഉച്ചവരെ ഇരു മുന്നണികളും തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്.