മലപ്പുറം: സാക്ഷരതാ സാമൂഹിക പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പത്മശ്രീ ജേതാവ് കെ വി റാബിയ (59) വിടവാങ്ങി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഒരു മാസത്തോളമായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി സ്വദേശിയാണ്.
2022-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്.
രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികൾ അതിജീവിച്ച് സമൂഹ നന്മയ്ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു ഇവരുടെ ജീവിതം. പുതിയ കാലത്തിനു മുന്നിൽ കേരളം കാഴ്ചവച്ച അപൂർവവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തുടർന്ന് വീൽചെയറിലായിരുന്നു ജീവിതം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് പിന്നീട് പഠനം അവിടെ വച്ച് നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ കഴിയുകയുയായിരുന്നു. പിന്നീടാണ് സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെടാൻ തുടങ്ങിയത്.
പോളിയോ ബാധിതയായി അരക്ക് താഴെ തളർന്നു പോയതിനു പുറമെ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ മുന്നോട്ടു പോയത്. 2000-ത്തിൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കഴിയുമ്പോഴാണ് കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങിയത്. ഒടുവിൽ ‘നിശബ്ദ നൊമ്പരങ്ങൾ’ എന്ന പുസ്തകമായി അത് പുറത്തിറങ്ങി. സ്വപ്‌നങ്ങൾക്ക് ചിറകുകളുണ്ട് എന്ന ആത്മകഥ ഉൾപ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള വരുമാനമാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്.
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990-ൽ സമ്പൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവർത്തനങ്ങൾക്ക് യു.എൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയുമുണ്ടായി.
റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തി. 1993-ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതാ രരത്‌നം അവാർഡ്, യു.എൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25-നാണ് ജനനം.
ചന്തപ്പടി ജി.എൽ.പി സ്‌കൂൾ, തിരൂരങ്ങാടി ഗവ ഹൈസ്‌ക്കൂൾ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം.
ഭർത്താവ് ബങ്കാളത്ത് മുഹമ്മദ്. സഫിയ, ഖദീജ, നഫീസ, ആസിയ, ആരിഫ എന്നിവർ സഹോദരിമാരാണ്.