തിരുവനന്തപുരം– സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാരുടെ സമരം 40 ദിവസം പിന്നിടുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍. സമരം അവസാനിക്കാതിരിക്കാന്‍ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് മന്ത്രി എം.പി രാജേഷ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആശമാര്‍ക്ക് നല്‍കേണ്ട ഇന്‍സെന്റീവ് വിഹിതം കേന്ദ്രം കൃത്യമായി നല്‍കുന്നില്ല. ആശാ വര്‍ക്കര്‍മാരെ ജീവനക്കാരായി കാണാന്‍ പോലും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഇതിനെയൊന്നും എതിര്‍ക്കാത്ത സമരം കേന്ദ്ര സര്‍ക്കാറിനെ സഹായിക്കുകയാണെന്ന് എം.പി രാജേഷ് ആരോപിച്ചു.
ആശ വർക്കർമാരുടെ സമരം ന്യായമാണെന്ന് പ്രതിപക്ഷം. സര്‍ക്കാറിന് സമരക്കാരോട് പുച്ഛമാണ്. സമരം തീര്‍പ്പാക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നു. തുടര്‍ ചര്‍ച്ചകളിലൂടെ സമരം അവസാനിപ്പിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രയുമായി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്, പക്ഷെ അതും നടന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ നിയമസഭയില്‍ പറഞ്ഞു. പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിപക്ഷം സഭാ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
നാല്‍പതു ദിവസമായി തുടരുന്ന സമരത്തില്‍ 38ാം ദിവസമാണ് സമരം കടുപ്പിച്ചു കൊണ്ട് നിരാഹാര സമര പ്രഖ്യാപനമുണ്ടായത്. ബിന്ദു കെ.പി, തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മന്ത്രി എം പി രാജേഷിന്റെ വിമര്‍ശനത്തിന് പോയി പഠിച്ചിട്ട് വരാനാണ് സമരക്കാരുടെ മറുപടി.