പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്നും കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നുമാണ് വി.ഡി സതീശൻ പറഞ്ഞത്.
ഷാഫിയും രാഹുലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്നും ഞാൻ എന്റെ സ്വഭാവവും അവർ അവരുടെ സംസ്കാരവും കാണിച്ചുവെന്നും ഡോ. പി സരിൻ വ്യക്തമാക്കി.
പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് താൻ ആതിഥ്യ മര്യാദയാണ് കാണിച്ചത്. പക്ഷേ, വന്നുകയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്നും പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്കളങ്കനെന്ന് ഫലം വരുമ്പോൾ ബോധ്യമാകുമെന്നും സരിൻ പരിഹസിച്ചു.
പാലക്കാട് ബി ജെ പി വൻ തോതിൽ പണം ഒഴുക്കുന്നുണ്ട്. ഇത് കൈപ്പറ്റുന്നവർ കോൺഗ്രസുകാരാണ്. വിഷയത്തിൽ തെളിവ് സഹിതം പരാതിപ്പെടുമെന്നും സരിൻ പറഞ്ഞു.