തിരുവനന്തപുരം– ഓപ്പറേഷന്‍ ഡി.ഹണ്ടിന്റെ ഭാഗമായി ഏപ്രില്‍ 11ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധിനയില്‍ ലഹരി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്ത 137 പേരെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത ലഹരികള്‍ പിടിച്ചെടുത്തതില്‍ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എം.ഡി.എം.എ 0.049 കിലോഗ്രാം, കഞ്ചാവ് 17.089 കിലോഗ്രം, കഞ്ചാവ് ബീഡി 87 എണ്ണം എന്നിവയാണ് പോലീസ് കണ്ടെത്തിയത്.
മയക്ക് മരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന 2301 പേരെ പരിശോധനക്ക് വിധേയമാക്കി. മയക്ക് മരുന്നിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തനം ഊര്‍ജിതമാക്കി.