മലപ്പുറം- പതിവു മുടക്കാതെ ഉണ്ണി നമ്പൂതിരിയുടെ സംഘം ഓണസമ്മാനവുമായി ഇത്തവണയും പാണക്കാട് എത്തി. പാണക്കാട് സാദിഖലി തങ്ങൾക്ക് ഓണസമ്മാനം കൊടുത്തയച്ച് തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. ഓണക്കോടിയും, ശർക്കരവരട്ടിയും, പായസവും, ഉണ്ണിയപ്പവുമായി തന്ത്രി അയച്ച സംഘം ഉത്രാട തലേന്ന് തങ്ങളെ കണ്ട് ഓണസന്ദേശം കൈമാറി. ആശംസാ കുറിപ്പിനൊപ്പം ഇത്തവണ ഒരു ഒലീവ് മരത്തിൻ്റെ തൈ കൂടി തന്ത്രി കൊടുത്തയച്ചിരുന്നു. പരശുരാമനാൽ അനുഗ്രഹീതമായ തരണനല്ലൂർ തന്ത്രി കുടുംബാംഗമായ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിക്ക്, കേരളത്തിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുണ്ട്. നാടെങ്ങും മാനവ സൗഹൃദത്തിൻ്റെ പുതുചരിത്രം നെയ്തെടുക്കാൻ അദ്ദേഹത്തിൻ്റെ താന്ത്രിക നേതൃത്വത്തിന് കഴിഞ്ഞിരുന്നു.
കേരളത്തിൽ തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും, പാണക്കാട് കുടുംബവും, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുൾ വഹാബ്, കെ.പി. സുലൈമാൻ ഹാജി, വി.കെ എം അഷ്റഫ്, തുടങ്ങി ഒട്ടനവധി പേർ നിർല്ലോഭമായ പിന്തുണ നൽകിയിരുന്നു. ക്ഷേത്ര നവീകരണ ചടങ്ങുകളിൽ പങ്കെടുത്ത് തന്ത്രിയും – തങ്ങളും ചേർന്ന് രചിച്ച മതസൗഹാർദ്ദത്തിൻ്റെ പുതുചരിത്രം രാജ്യാന്തര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിയും, ആഘോഷങ്ങൾ ചുരുക്കിയുമാണ് ഇത്തവണത്തെ ഓണാഘോഷം എന്നും തന്ത്രി അറിയിച്ചു..
നിരാലംബരായ വൃക്കരോഗികൾക്ക് സാന്ത്വനമേകുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് തന്ത്രി ഒരു പണക്കിഴി കൊടുത്തയച്ചിരുന്നു. നിലവിൽ കണ്ണൂരിലെ പയ്യന്നൂർ തന്ത്രി മഠം കേന്ദ്രമാക്കിയാണ് തന്ത്രിയുടെ താന്ത്രിക നേതൃത്വം പ്രവർത്തനങ്ങൾ നടത്തുന്നത്. തന്ത്രിയുടെ പ്രതിനിധികളായി തലയൂർ വിനയരാജൻ മൂസത്, ഗോപിനാഥ്, ബാലകൃഷ്ണൻ നായർ, അഹമ്മദ് സാജു, ദിലീപ് എന്നിവരാണ് പാണക്കാട് എത്തിയത്.