കണ്ണൂർ – പ്രശസ്ത ഫുട്ബോൾ താരം ഒ.കെ സത്യൻ (89) നിര്യാതനായി. അമ്പതുകളിൽ ഉദിച്ചുയർന്ന താരമായിരുന്നു. കണ്ണൂർ തളാപ്പ് ഓലച്ചേരി കുടുംബാംഗമായ സത്യൻ, സ്കൂൾ ടീമിൽ കളിച്ചു കൊണ്ടാണ് ലക്കിസ്റ്റാറിലേക്കു വന്നത്. കുറുവസിംഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സഹോദരൻ കുറുവേട്ടൻ്റെ കൂടെ ലക്കിസ്റ്റാറിനെ കേരള ഫുട്ബോളിലെ അജയ്യശക്തി യാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
ലക്കിസ്റ്റാർ മുംബൈ റോവേഴ്സിൽ മൽസരിച്ചപ്പോഴും ടീമിൽ സത്യനു ണ്ടായിരുന്നു. ജില്ലാ ഫുട്‌ബോൾ ലീഗ് മൽസരങ്ങളിലും ജില്ല ടീമിലും കളിച്ച അദേഹം തൂത്തുക്കുടി, കോയമ്പത്തൂർ, ചാർക്കോള തുടങ്ങിയ ടൂർണമെൻ്റുകളിൽ രണ്ടാം സ്ഥാനം നേടിയ ലക്കിസ്റ്റാർ ടീമിലുമുണ്ടായിരുന്നു. കേരളത്തിന് പുറത്ത് ഒട്ടേറെ അഖിലേന്ത്യ ടൂർണ്ണമെൻ്റുകളിൽ പങ്കെടുത്തു.
പെൻ്റാങ്കുലർ ടൂർണമെന്റിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന അദേഹം നാല് വർഷം കേരള ടീമിൽ അംഗമായിരുന്നു. 1965ൽ ഗോവയിലെ പ്രശസ്തമായ സാൽഗോക്കറിനും 66ൽ വാസ്കോ ഗോവക്കും വേണ്ടി ബൂട്ടണിഞ്ഞു. വാസ്കോവിന്റെ കോച്ചും മാനേജരും കളിക്കാരുമായി ഏറെക്കാലം പ്രവർത്തിച്ചു. 1972-ഓടെ കളി നിർത്തി. പിന്നീട് ലക്കിസ്റ്റാറിന്റെ കോച്ചായി പ്രവർത്തിച്ചു. തുടർന്ന് സ്‌പിരിറ്റഡ് യൂത്ത്സിലേക്ക് മാറി.
കുറേക്കാലം കേരള സന്തോഷ് ട്രോഫി ടീം സെലക്ഷൻ സംഘത്തിൽ അംഗമായിരുന്നു. ഗോവയിലെ സ്വകാര്യ കമ്പനിയിൽ ഏറെ നാൾ ജോലി ചെയ്തു. ഭാര്യ ലളിത, മക്കൾ നിഷ, സലീഷ്, റീന, പരേതയായ നീന. സംസ്കാരം നാളെ രാവിലെ പയ്യാമ്പല ത്ത് നടക്കും.