തിരുവനന്തപുരം-സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സൗദി അറേബ്യയിലെ നാല് ഒ.ഐ.സി.സി നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം മണ്ണിൽ എന്നിവരെ ഒ.ഐ.സി.സിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും നീക്കിയതായി ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.

സൗദി അറേബ്യയിലെ ഒ.ഐ.സി.സിയുടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി. എ. സലീം എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി. നാലു പേരും ഒ.ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിക്കുകയും ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായും സംഘടനയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് കെ.പി.സി.സിക്ക് നിരവധി പരാതികൾ ലഭിച്ചതായും പ്രശ്നം ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി നിരവധി ശ്രമങ്ങൾ നടത്തിയെന്നും ഒ.ഐ.സി.സിയുടെ ഉന്നത കമ്മിറ്റികളുടെ നിർദ്ദേശം സ്വീകരിച്ചില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഒ.ഐ.സി.സിയുടെ ഏതെങ്കിലും അംഗത്തിന്റെയോ ഭാരവാഹിയുടെയോ ഈ മനോഭാവവും സമീപനവും സ്വീകാര്യമല്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ ഒ.ഐ.സി.സിയോടുള്ള അവമതിപ്പിന് കാരണമായെന്നും കെ.പി.സി.സിക്ക് ബോധ്യമുണ്ട്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതകളും പരാജയപ്പെട്ടു. തുടർന്നാണ് നാല് അംഗങ്ങളെയും ഒ.ഐ.സി.സിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായും വാർത്താക്കുറിപ്പ് വ്യക്തമാക്കി.