മുക്കം: ത്യാഗം നിറഞ്ഞ വഴികളിലൂടെ പായക്കപ്പലിലും പത്തേമാരികളിലും ലോഞ്ചുകളിലും കടൽ കടന്ന് മരുഭൂമിയിൽ വിയർപ്പ് ചിന്തി നേടിത്തന്നതാണ് കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതമെന്നും അതിനാൽ പ്രവാസികളാണ് നവ കേരളത്തിന്റെ യഥാത്ഥ ശില്പികളെന്നും ഡോ. എം.എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. അമ്മാർ കീഴുപറമ്പ് രചിച്ച “ഇഖാമ” നോവൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക മുന്നേറ്റത്തെ കുറിച്ച് പറയുമ്പോൾ, അവികസിതമായ ആ കാലഘട്ടത്തിൽ ത്യാഗോജ്വലമായ യാത്രയിലൂടെ ഗൾഫ് നാടുകളിലെത്തി വികസിത കേരളത്തിന് അടിത്തറ പാകിയ ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുത്. ചരിത്രത്തിൽ അടയാളപ്പെടാതെ പോയ മുൻഗാമികളുടെ ചരിത്രം രേഖപ്പെടുത്തുന്നതാണ് “ഇഖാമ” നോവലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ മാപ്പിളപാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. സംവാദ ചെയർമാൻ ഗഫൂർ കുറുമാടൻ, മലിക് നാലകത്ത്, സലാം കൊടിയത്തൂർ, ബന്ന ചേന്ദമംഗല്ലൂർ, ഉബൈദ് എടവണ്ണ, രചയിതാവ് അമ്മാർ കിഴുപറമ്പ്, ലുഖ്മാൻ അരീക്കോട് എന്നിവർ പ്രസംഗിച്ചു.
“



