കോഴിക്കോട്- അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്ക്കാരത്തിന് മനോഹരൻ.വി. പേരകത്തിന്റെ ‘ഒരു പാകിസ്ഥാനിയുടെ കഥ’ എന്ന നോവൽ അർഹമായി. 25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്ക്കാരമായി നൽകുന്നത്. എം.നന്ദകുമാർ, ബാലൻ വേങ്ങര, സി.പി. നന്ദകുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് നോവൽ തെരഞ്ഞെടുത്തത്.
മികച്ച കവർ ഡിസൈനർക്കുള്ള പുരസ്കാരത്തിന് സലീം റഹ്മാൻ അർഹനായി. ഓഗസ്റ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഹുസൈൻ മുഹമ്മദിൻ്റെ അകലെ എന്ന നോവലിൻ്റെ കവർ ചിത്രത്തിൻ്റെ ഡിസൈനാണ് പുരസ്കാരം. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ ജൂറിമാരായ എം. നന്ദകുമാർ, ബാലൻ വെങ്ങര, നോവൽ പുരസ്കാര സമിതി കൺവീനർ ഫൈസൽ ബാവ, അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷ സമിതിയിലെ മുതിർന്ന അംഗങ്ങളായ പി. ശിവപ്രസാദ്, വി പി റാഷിദ് എന്നിവർ പങ്കെടുത്തു.
ഡിസംബർ 21-ന് രാവിലെ 9:30 മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ നൽകും.