കോട്ടയം- ഇ.പി ജയരാജന്റെ ആത്മകഥയായ പരിപ്പുവടയും കട്ടൻ ചായയും എന്ന പുസ്തകത്തിൽ വെട്ടിലായി ഡി.സി ബുക്സ്. ജയരാജനുമായി കരാർ ഉണ്ടായിരുന്നില്ലെന്ന് ഡി.സി ബുക്സ് മേധാവി രവി ഡി.സി പോലീസിന് മൊഴി നൽകി. ഇതോടെ ജയരാജൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി.
കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴിയെടുത്തത്. മൊഴിയെടുക്കൽ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ജയരാജനുമായി കരാർ ഇല്ലെന്ന് ഡി.സി ബുക്സ് ജീവനക്കാർ നേരത്തെ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. ഇതുസംബന്ധിച്ച് ജയരാജന്റെ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിരുന്നു.
ആലത്തൂർ, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസമാണ് ജയരാജന്റേത് എന്ന പേരിൽ ആത്മകഥയുടെ പി.ഡി.എഫ് പുറത്തുവന്നത്. വിവാദ പരാമർശങ്ങൾ കാരണം പുസ്തകം ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇത്തരത്തിൽ കരാർ ഇല്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.