തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരേ ആരോപണങ്ങളുടെ വൻ ശരങ്ങൾ ഉയരാനിരിക്കെ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനത്തിന് തുടക്കം. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു സഭയുടെ തുടക്കം.
പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും ദുരനന്തത്തിൽ പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ദുരന്തമുഖത്തെ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച സ്പീക്കൾ പുനരധിവാസത്തിന് വേണ്ട മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും വിമർശിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും 180 വീടുകൾ ഒഴുകിപോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തത്തെ അതിജീവിച്ച് മേപ്പാടിയിൽ 394 കുടുംബങ്ങളും വിലങ്ങാടിൽ 30 കുടുംബങ്ങളും വാടക വീടുകളിലാണ് താമസിക്കുന്നത്. മേപ്പാടിയിലെ അതിജീവതകർക്കായി സുരക്ഷിതമായ ടൗൺഷിപ്പ് നിർമിക്കുന്നതിലുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
വയനാട്ടിൽ ദുരന്തമുണ്ടായ അന്നു തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്ടും ഉരുൾപൊട്ടിയത്. അവിടെ ഒരു വിലപ്പെട്ട ജീവനും ഒട്ടേറെ വീടുകളും കടകളും ജീവനോപാധികളും വളർത്തുമൃഗങ്ങൾ അടക്കമുള്ളവയും നഷ്ടപ്പെട്ടു. 217 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇവിടെയും പുരനധിവാസ പ്രവർത്തനങ്ങൾ നടക്കുന്നു. വയനാട്ടിലും വിലങ്ങാട്ടും അതിജീവിതർക്കു വേണ്ട അടിയന്തര സഹായങ്ങൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതി ദുരന്തമുണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവർത്തിക്കപ്പെടാൻ ഇടയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും ആഘാതം ലഘൂകരിക്കാനും സംസ്ഥാന സർക്കാർ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷൻ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ റഡാർ അടക്കമുള്ള സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്നും അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അവശ്യമായ സാമ്പത്തിക സഹായം ഉണ്ടാകാത്തതിനെയും അദ്ദേഹം വിമർശിച്ചു.
സമയബന്ധിതമായി പുനരധിവാസം പൂർത്തിയാക്കണം. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷവും ഒരു സഹായവും കിട്ടിയില്ല. പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിട്ടും താല്ക്കാലികമായ സഹായം പോലും ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം ഇന്ന് അപകടമേഖലയിലാണെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. പശ്ചിമഘട്ട മലനിരകളിൽ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളാണ് ഉണ്ടാകുന്നത്. ഇതിനെ മറികടക്കാൻ നമുക്കാവണം. നാം വിജ്ഞാന സമൂഹത്തിലാണ് ജീവിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തി പക്കാ വാണിങ് സിസ്റ്റം ഉണ്ടാക്കണം. നമ്മുടെ തീരപ്രദേശവും അപകടത്തിലാണ്. തീരശോഷണവും കൂടി വരികയാണ്. ഇടനാടുകളാകട്ടെ, വലിയൊരു മഴ പെയ്താൽ പ്രളയക്കെടുതിയുടെ മുനമ്പിലാണ്. അതിനാൽ പ്രകൃതി ഉണ്ടാക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കാൻ അറിവുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അന്ത്യാഞ്ജലി അർപ്പിച്ച് ഇന്ന് പിരിയുന്ന സഭ, അടുത്തദിവസം മുതൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചയായ പല വിഷയങ്ങളിലും രൂക്ഷമായ വാഗ്വാദങ്ങൾക്ക് വേദിയായേക്കും.