തിരുവന്തപുരം– സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്-43 പേരും , മലപ്പുറം- 211, പാലക്കാട്- 91 എന്നിങ്ങനെ ആകെ 345 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂഷനില്‍ സ്ഥിരീകരിക്കാനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് സ്വദേശിയായ 38കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഈ രോഗിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. രോഗസ്ഥിരീകരണം വരുന്നതിന് മുമ്പു തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു.
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് മേഖലകളിലെ വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ദര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്‍ടാക്ട് ട്രെയ്‌സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടത്.