പാലക്കാട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. പാലക്കാട് വാളയാർ അതിർത്തിയിലാണ് കേരളത്തിൽനിന്ന് വരുന്നവരെ പരിശോധിക്കുന്നത്.
ശരീര താപനില അടക്കം പരിശോധിച്ച ശേഷമാണ് ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള ചിലരുടെ പേരും ഉൾപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് തമിഴ്നാടിന്റെ നടപടി.
അതേസമയം നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ വേണ്ട തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വവ്വാലുകളെ ഓടിച്ച് വിടാനും അവയുള്ള മേഖലയിൽ തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.