കോഴിക്കോട്- മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് യമനിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. ദ മലയാളം ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ തലാലിന്റെ സഹോദരൻ ഇക്കാര്യം തെറ്റാണെന്നും കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.
നിമിഷ പ്രിയയുടെ കേസിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായതായും വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായതായി ഇന്നലെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു.
യമനിലെ മതപണ്ഡിതൻ ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നുമായിരുന്നു കാന്തപുരത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന. എന്നാൽ അധികം വൈകാതെ ഇക്കാര്യം ശരിയല്ലെന്നും കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും തലാലിന്റെ സഹോദരൻ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി.